വിളപ്പിൽശാല: വിളപ്പിൽശാല, പുറ്റുമ്മേൽകോണത്തുള്ള മധുസൂദനന്റെ മണികണ്ഠൻ പാൻഷോപ്പ് കത്തിനശിച്ചു. ഇന്നലെ പുലർച്ചെ രണ്ടിനാണ് കടയ്ക്ക് തീ പിടിച്ചത്. ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതാണ് തീപിടിയ്ക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. കടയ്ക്ക് പിന്നിലെ വീട്ടിലാണ് മധുസൂദനനും കുടുംബവും താമസിക്കുന്നത്. കടയിൽ നിന്ന് തീയും പുകയും ഉയരുന്നതുകണ്ട് എത്തിയപ്പോഴേക്കും കട പൂർണമായി അഗ്നിക്കിരയായിരുന്നു. നിലവിളി കേട്ട് എത്തിയ നാട്ടുകാർ തീകെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.കാട്ടാക്കട നിന്നെത്തിയ ഫയർഫോഴ്സ് മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ കെടുത്തിയത്. കടയിലുണ്ടായിരുന്ന മുഴുവൻ സാധനങ്ങളും ഓടുമേഞ്ഞ മേൽക്കൂരയും പൂർണമായി കത്തി. പത്ത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി മധുസൂദനൻ പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.
