കല്ലമ്പലം : തിരുവനന്തപുരം – കൊല്ലം ദേശീയ പാതയിൽ തോട്ടക്കാട് പാലത്തിന് സമീപം കാർ മറിഞ്ഞ് 4 പേർക്ക് പരിക്ക്. പേരൂർക്കട അമ്പലംമുക്ക് ശ്രീധന്യ ഹെവൻ, 10.ബിയിൽ കിഷോർ ബാബു (53), അദ്ദേഹത്തിന്റെ ഭാര്യ പ്രിയ (50), അവരുടെ മക്കളായ കാർത്തിക കിഷോർ (27), ദേവിക കിഷോർ (24) എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് 2 മണി കഴിഞ്ഞാണ് സംഭവം.
തിരുവനന്തപുരത്ത് നിന്നും ഹരിപ്പാടുള്ള കിഷോർ ബാബുവിന്റെ കുടുംബവീട്ടിലേക്ക് കുടുംബ സമേതം കാറിൽ പോകുകയായിരുന്നു. തോട്ടയ്ക്കാട് പാലത്തിന് സമീപം എത്തിയപ്പോൾ റോഡിലൂടെ അലഞ്ഞു തിരിഞ്ഞു നടന്ന ഒരു മാനസിക രോഗി കല്ലെറിയുന്ന പോലെ ആംഗ്യം കാണിക്കുകയും ഇത് കണ്ട് കല്ലെറിയുന്നെന്ന് കരുതി വാഹനം വലത്തോട്ട് വെട്ടിത്തിരിക്കുകയും സർവ്വേ കുറ്റിയിൽ ഇടിച്ച് വാഹനം ഒന്നിലധികം പ്രാവശ്യം മറിയുകയും ചെയ്തു. വലിയ അപകടമാണ് നടന്നതെങ്കിലും വാഹനത്തിലുണ്ടായിരുന്നവർക്ക് ഗുരുതര പരിക്കുകളില്ല. തുടർന്ന് നാട്ടുകാർ ഇടപെട്ട് പരിക്കേറ്റവരെ ചാത്തൻപാറയിലെ കെ.റ്റി.സി.റ്റി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽപെട്ടവർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ബന്ധുവാണെന്ന് പറയുന്നു.