വക്കം: 62 വയസ്സുകാരൻ സുദർശനന് രോഗം പിടിമുറുക്കിയപ്പോൾ ഭാര്യയും മക്കളും ഉപേക്ഷിച്ചു. മൂന്ന് വർഷം മുൻപ് ഗൾഫിൽ നിന്ന് വന്ന് നാട്ടിൽ നിൽക്കവെ പക്ഷാഘാതം പിടിപെട്ടതിനെ തുടർന്ന് ബന്ധുക്കൾ പോലും ഉപേക്ഷിച്ച സുദർശനന് ചികിത്സയ്ക്കു പോലും വകയില്ല. വക്കം പുളിവിളാകം ആലുവിള വീട്ടിൽ സുദർശനൻ ആണ് ഈ ദുരവസ്ഥ. ഒരു കൈ സഹായത്തിനു പോലും ആരുമില്ലാത്തതിനാൽ പ്രാഥമിക കാര്യങ്ങൾ പോലും ചെയ്യാനാകുന്നില്ല. സ്വന്തമായി വീടും വസ്തുക്കളും ഉണ്ടെങ്കിലും അതിൽ നിന്നുള്ള ആദായങ്ങളും താൻ ഗൾഫിൽ നിന്നും അധ്വാനിച്ച സമ്പാദ്യം മുഴുവനും ഭാര്യ കൈവശപ്പെടുത്തി. ഭാര്യ ചികിത്സിക്കാനും തയ്യാറാകുന്നില്ല. ഭാര്യയും മക്കളും ബന്ധുക്കളും വരെ ഉപേക്ഷിച്ച സുദർശനന് ഒടുവിൽ കൈത്താങ്ങായത് എം.എൽ.എ അഡ്വ.ബി സത്യൻ. ദുരവസ്ഥ അറിഞ്ഞ് എം.എൽ.എ സുദർശനൻ്റെ വീട്ടിലെത്തി നേരിട്ട് സംസാരിച്ചു. എം.എൽ.എ വീട്ടിലെത്തിയപ്പോൾ കാണുന്നത് കീറിയ മുണ്ടിൻ്റെ ഒരു കഷണം ഉപയോഗിച്ച് നഗ്നത മറച്ചുകൊണ്ട് നിൽക്കുന്ന സുദർശനനെയാണ്. സുദർശനൻ്റെ ചികിത്സയും ഭക്ഷണവും നല്ല വസ്ത്രങ്ങളും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ എം.എൽ.എയോട് പറഞ്ഞു. എം.എൽ.എയോട് സംസാരിച്ചു തുടങ്ങിയപ്പോൾ മുതൽ സുദർശനൻ്റെ കണ്ണുനീർ നിലച്ചിരുന്നില്ല. സുദർശനൻ്റെ ആവശ്യപ്രകാരം തിരുവനന്തപുരം ആയുർവേദ കോളേജിലെ സൂപ്രണ്ടുമായി സംസാരിച്ച് എം.എൽ.എ വ്യാഴാഴ്ച (28.05.2020) മുതൽ ആവശ്യമായ ചികിത്സ ഉറപ്പാക്കി. വ്യാഴാഴ്ച പഞ്ചായത്തംഗങ്ങളായ ബി നൗഷാദ്, ജെ സ്മിത എന്നിവരുടെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിക്കും. തുടർന്ന് പഞ്ചായത്തും എം.എൽ.എയും ചേർന്ന് ഭാവി പരിപാടികൾ ആലോചിക്കുമെന്നും ചികിത്സ നൽകാതെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്ന ഭാര്യയെയും, ബന്ധുക്കളുടെയും പേരിൽ നിയമാനുശ്രിതമുള്ള നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു. സന്ദർശനത്തിൽ എം.എൽ.എയോടൊപ്പം പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ് സൺ ജെ സ്മിത, സി.പി.ഐ എം ലോക്കൽ സെക്രട്ടറി ഡി അജയകുമാർ, റസൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.
