ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന വയൽ ഉണർത്തൽ പദ്ധതി പ്രകാരം വിഷരഹിത ജൈവ അരി ‘കതിർ മണി’ജൂൺ 20ന് വിപണിയിൽ എത്തും. 2019- 2020 ൽ കാർഷിക മേഖലയിൽ ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത പദ്ധതികളിൽ ഒന്നാണ് വയൽ ഉണർത്തൽ. ഈ പദ്ധതി പ്രകാരം ബ്ലോക്ക് പ്രദേശത്തെ നെൽവയലുകളിൽ ജൈവകൃഷി രീതി ഉപയോഗിച്ച് ഉൽപ്പാദിപ്പിച്ച നാടൻ അരിയാണ് ‘കതിർ മണി’ എന്ന പേരിൽ മാർക്കറ്റുകളിലെത്തുന്നത്. 150 ഹെക്ടറിലുണ്ടായിരുന്ന നെൽകൃഷി സർക്കാരിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും കൃഷി ഉദ്യോഗസ്ഥരുടെയും നിരന്തര ഇടപെടലുകളും സഹായ പദ്ധതികളും കൂടി ഒത്തുചേർന്നപ്പോൾ 220 ഹെക്ടറായി ഉയർന്നിട്ടുണ്ട്.’ ബ്ലോക്ക് പഞ്ചായത്തുമായിട്ടുള്ള കരാറിന്റെ അടിസ്ഥാനത്തിൽ കർഷകർക്ക് തൽസമയം സർക്കാർ നിശ്ചയിച്ചിട്ടുള്ള 26.90 രൂപവില നൽകി ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്ക് കർഷകരിൽ നിന്ന് നെല്ല് സംഭരിക്കും. ഇത് ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള മുദാക്കലിലെ അഗ്രോ സർവ്വീസ് സെന്ററിന് കൈമാറും. ഹരിത കർമ്മ സേന നെല്ല് കുത്തി അരി ആക്കി ബ്രാൻഡഡ് ബാഗുകളിൽ ബ്ലോക്ക് പഞ്ചായത്തു വഴി വിപണിയിലെത്തും. നെല്ല് ഉൽപ്പാദിപ്പിക്കുന്ന കർഷകർക്ക് കാലതാമസമില്ലാതെ നെല്ല് വിറ്റഴിക്കാനും യഥാസമയം ന്യായമായ വിലയും ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ളതും മായം കലരാത്തതുമായ അരി ലഭിക്കുകയും ചെയ്യും. ആദ്യഘട്ടമെന്ന നിലയിൽ വലിയ ഏലായിലെ കർഷക കൂട്ടായ്മ ഉൽപ്പാദിപ്പിച്ച 5 ടൺ ജൈവ നെല്ല് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് ഏറ്റുവാങ്ങി. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സു രേന്ദ്രൻ, സെക്രട്ടറി എൽ. ലെനിൻ, കൃഷി അസി.ഡയറക്ടർ എ.നൗഷാദ്, ഇടയ്ക്കോട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മോഹൻ ദാസ് ,അഗ്രോ സർവീസ് സെന്റർ സെക്രട്ടറി സുന്ദരേശൻ നായർ ,കൃഷി ഓഫീസർമാരായ അഭിജ, രാഖി, പാടശേഖര സമിതി സെക്രട്ടറി വിജയകുമാർ, അനിൽ ദേവ് ,അനി തുടങ്ങിയവർ പങ്കെടുത്തു.
