കിഴുവിലം : സർക്കാർ സർവീസിൽ 36 വർഷത്തെ സേവനത്തിനു ശേഷം കിഴുവിലം ഗ്രാമപഞ്ചായത്തിന് കീഴിലുള്ള പുരവൂർ എസ്‌വിയുപിഎസ്സിൽ നിന്നും എച്ച്.എമ്മായി 31/5/2020-ൽ വിരമിക്കുന്ന ജെ. രുഗ്മിണി അമ്മയ്ക്ക് കിഴുവിലം പഞ്ചായത്ത് ഭരണസമിതി യാത്രയയപ്പ് നൽകി. പൂർവ്വ വിദ്യാർത്ഥികളെ സംഘടിപ്പിച്ചു കൊണ്ട് കമ്പ്യൂട്ടർ ലാബ് ഒരുക്കുന്നതിൽ നേതൃത്വം നൽകുകയും, സ്കൂളിന്റെ നവീകരണത്തിന് വേണ്ടി അഹോരാത്രം പ്രയത്നിക്കുകയും ചെയ്ത ടീച്ചർ മികച്ച അധ്യാപികയും, അളവറ്റ ശിക്ഷ്യ സമ്പത്തിനുടമയുമായിരുന്നു. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ, ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ. എസ്. ശ്രീകണ്ഠൻ, സ്കൂളിലെ പൂർവ്വവിദ്യാർഥിയും ജനപ്രതിനിധി യുമായ ജി. ഗിരീഷ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി ബെൻസിലാൽ, മറ്റു ജനപ്രതിനിധികൾ എന്നിവർ ചേർന്ന് ആദരിച്ചു.
