കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി പ്രിൻസിപ്പൽ തസ്തികയിൽ നിന്നും വിരമിച്ച കെ.മോഹനൻ നായരെ വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ അനുമോദിച്ചു. മികച്ച അദ്ധ്യാപകനുള്ള കഴിഞ്ഞ വർഷത്തെ സംസ്ഥാന അവാർഡ് നേടിയ ഇദ്ദേഹത്തിന്റെ അക്കാഡമിക് പ്രവർത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. കേരളത്തിലെ മികച്ച റസിഡന്റ്സ് അസോസിയേഷനുള്ള നിരവധി പുരസ്കാരങ്ങൾ നേടിയ കിളിമാനൂർ വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ നേതൃത്വസ്ഥാനം വഹിച്ചു വരുന്ന ഇദ്ദേഹം കിളിമാനൂരിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ സംഘടനയായ ഫോറം ഓഫ് റസിഡന്റ്സ് അസോസിയേഷൻസ് കിളിമാനൂർ (FRAK) ന്റെ പ്രസിഡന്റ് എന്ന നിലയിൽ പൊതുപ്രവർത്തന രംഗത്തും സജീവമാണ്. സർവ്വീസിലെ അവസാന ദിവസമായ ഇന്ന് കുട്ടികളുടെ പരീക്ഷാ ജോലികൾ കൂടി തീർത്ത് വളരെ വൈകി വീട്ടിലെത്തിയ അദ്ദേഹത്തെ വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ ജന.സെക്രട്ടറി എൻ.ഹരികൃഷ്ണൻ , വൈസ് പ്രസിഡന്റ് പ്രഫ.എം.എം. ഇല്യാസ്, ആർ. അനിൽകുമാർ, എസ്.വിപിൻ, രാജേന്ദ്രൻ പിള്ള എന്നിവർ ചേർന്ന് പൊന്നാടയിട്ട് സ്വീകരിച്ച് ഉപഹാരം നൽകി ആദരിച്ചു.
