കഠിനംകുളം മുണ്ടൻചിറയിൽ നാലുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചവരെ കഠിനംകുളം പൊലീസ് പിടികൂടി. പുത്തൻപാലം സ്വദേശി പ്രദീപ് (36), തോന്നയ്ക്കൽ സ്വദേശികളായ അൽസാജ് (28), വിഷ്ണു (26),തൗഫീഖ് (20) എന്നിവരെയാണ് കഠിനംകുളം പൊലീസ് പിടികൂടിയത്. ഒരാൾ ഒളിവിൽ. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി.
പെരുമാതുറ കൊട്ടാരം തുരുത്തിൽ മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയിൽ പത്തംഗസംഘം അക്രമികൾ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. മാരകായുധങ്ങളുമായി നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും തടയാനെത്തിയ ചിലരെ മർദിക്കുകയും ചെയ്തു. ഈ സംഭവത്തിൽ പൊലീസ് കേസെടുത്തു. കേസിൽ സാക്ഷി പറഞ്ഞതിന് ഒരാളെ വെട്ടിപ്പരിക്കേൽപ്പിച്ചതിന്റെ വൈരാഗ്യത്തിലാണ് കഴിഞ്ഞ ദിവസം മുണ്ടൻചിറയിൽ ആക്രമണം നടത്തിയത് . അഞ്ചംഗസംഘം ഒരു സ്ത്രീയടക്കം നാലുപേരെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. തുടർന്ന് ഒളിവിൽ പോയ പ്രതികളെ കഠിനംകുളം പൊലീസ് പിടികൂടി. പെരുമാതുറ മുസ്ലിം പള്ളിക്ക് സമീപവും സമാന ആക്രമണം നടന്നിരുന്നു. മദ്യ മയക്കുമരുന്ന് ലഹരി മാഫിയ ഈ പ്രദേശങ്ങളിൽ പിടിമുറുക്കിയിട്ടുള്ളതിനാൽ ചെറുതും വലുതുമായ നിരന്തര ആക്രമണങ്ങൾ നടത്തുന്നത് ജനങ്ങളിൽ ഭീതി പരത്തിയിട്ടുണ്ട്.