അഞ്ചുതെങ്ങ് – വക്കം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കായിക്കര കടവിൽ നിർമിക്കുന്ന പാലം നിർമാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ ഉത്തരവായി. കുമാരനാശാൻ സ്മാരകം സ്ഥിതി ചെയ്യുന്ന കായിക്കരയെയും വക്കം ഖാദറിന്റെ സ്മാരകം സ്ഥിതി ചെയ്യുന്ന വക്കത്തെയും ബന്ധിപ്പിക്കുന്നത് കൂടിയാണിത്. സ്ഥലം ഏറ്റെടുക്കുന്നതിനായി 5.50 കോടിയാണ് കിഫ്ബി അനുവദിച്ചത്. കേരള റോഡ്സ് ആൻഡ് ബോർഡ് സമർപ്പിച്ച പ്രോജക്ടിൽ മേൽ കിഫ്ബി 25 കോടി പാല നിർമാണത്തിനായി അനുവദിച്ചിരുന്നു. ഇതിന്റെ പ്രാരംഭ നടപടിയ്ക്കാണ് തുക അനുവദിച്ചത്.
സ്ഥലം രണ്ട് പഞ്ചായത്തുകളിൽ നിന്നാണ് ലഭ്യമാക്കേണ്ടത്. അഞ്ചുതെങ്ങ് പഞ്ചായത്തിലെ കായിക്കര കടവ് ഭാഗത്ത് നിന്ന് 110 സെന്റും വക്കം പഞ്ചായത്തിൽനിന്ന് 92 സെന്റ് ഭൂമിയുമാണ് പദ്ധതിയ്ക്കായി ഏറ്റെടുക്കേണ്ടത്. അനുവദിച്ച തുക ഉപയോഗിച്ച് ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കും. പാലം വേഗത്തിൽ പൂർത്തിയാക്കാനാണ് സർക്കാർ തീരുമാനം. ഇതിനായി കിഫ്ബി പാനലിലുളള സ്പെഷ്യൽ തഹസിൽദാറെ കൊണ്ട് ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിൽ പുർത്തിയാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ വി ശശി കലക്ടറോട് ആവശ്യപ്പെട്ടു.