കൊറോണ രോഗകാലത്തെ അവധി ദിനങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വസ്തുക്കളിൽ കലയുടെ ലോകം തീർക്കുന്ന സഹോദരങ്ങൾക്ക് സ്നേഹാദരം. ചെറുവള്ളിമുക്ക്, പുരവൂർ കല്യാണിക്കവിളയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ അഭിഷേക് കൃഷ്ണയും പ്ലസ്ടു വിദ്യാർത്ഥിയായ അഖിൽ കൃഷ്ണയ്ക്കുമാണ് കലാനികേതൻ കലാകേന്ദ്രം വീട്ടിലെത്തി ഉപഹാരങ്ങൾ നൽകിയത്. കൺവീനർ ഉദയൻ കലാനികേതൻ ഉപഹാരങ്ങൾ കൈമാറി.
വീടിന്റെ പരിസരങ്ങളിലെ വസ്തുവകകളെയാണ് ഇവർകലാ വസ്തുക്കളാക്കി മാറ്റുന്നത്. ചിരട്ട ,കുപ്പികൾ, തടിക്കഷ്ണങ്ങൾ, തുടങ്ങിയവയാണ് ഇവരുടെ കൈകളിൽ കലാശില്പങ്ങളാകുന്നത്. പിസ്തതോടിൽ ടിഷ്യൂ പേപ്പർ ഒട്ടിച്ച് ഫാബ്രിക്ക് കളർ ചെയ്താണ് കുപ്പികളിൽ അഭിഷേക് വിവിധ രൂപങ്ങളൊരുക്കുന്നത്.കുപ്പികളിൽ സിന്തറ്റിക്ക് നൂലിൽ കാപ്പിപ്പൊടി ഉപയോഗിച്ചാണ് ചില കരകൗശല വസ്തുക്കളുണ്ടാക്കുന്നത്.സാധരണ പേപ്പർ കാപ്പി പൊടി വെള്ളത്തിൽ മുക്കി ഉണക്കി ഒട്ടിക്കും. തുടർന്ന് അതിനുമുകളിൽ ചിത്രങ്ങൾ വരച്ചു ചേർക്കും. വെളളപെയ്ന്റ് ഉപയോഗിച്ച് ഒരു ബക്കറ്റ് വെള്ളത്തിൽ പെയ്ൻറ് കലക്കി മുക്കിയെടുത്ത് ഉണക്കി അതിനു മുകളിൽ പെയ്ൻറ് കൊണ്ട് വരകൾ തീർക്കുന്നു. ചായക്കൂട്ടുകളുടെഎണ്ണം കൂടുന്നതനനുസരിച്ച് ഡിസൈൻ മാറുന്നു. ചിരട്ടയിൽ പെയിന്റ്തേച്ച് ഒരുക്കി വിവിധ ശില്പങ്ങൾ ഉണ്ടാക്കുന്നു.ചിരട്ടയിൽ അരി കൊണ്ട് വിവിധ രൂപങ്ങൾ,പേപ്പർ കപ്പിലെ പേപ്പർ വെയിറ്റ് എന്നിവയും അഭിഷേക് നിർമ്മിക്കുന്നുണ്ട്.അഖിൽ കൃഷ്ണയാകട്ടെ ചിത്രരചനയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.പ്രകൃതിലെ വ്യത്യസ്തതകളും പ്രശസ്ത വ്യക്തികളുടെ രേഖാചിത്രങ്ങളുമാണ് ഈ ചിത്രവിദ്യാർത്ഥി വരക്കുന്നത്. ഒപ്പം അനുജൻ നിർമ്മിക്കുന്നവസ്തുക്കൾക്ക് രൂപരേഖയും തയ്യാറാക്കുന്നു. കൊളാഷ് ഫൈനാർട്ട്സിലെ ചിത്രവിദ്യാർത്ഥിയാണ് അഖിൽ.മുൻ തലമുറയിലെ ശ്രദ്ധേയ ചിത്രകാരനായിരുന്ന കല്യാണിക്ക വിളയിൽ ആർട്ടിസ്റ്റ് കൃഷ്ണൻകുട്ടിയുടെ ചെറുമക്കളാണിവർ രണ്ടുപേരും.
അച്ഛൻ അനി കെ.എൽ, അമ്മ പ്രീതകുമാരി എന്നിവരുടെ വലിയപിൻതുണയാണ് ഇവർക്ക് ലഭിക്കുന്നത്.