കിഴുവിലം : കർമ്മനിരതരായ പോലീസ് സേന കേരളത്തിന് അഭിമാനമാണ്. ആയിരം നന്മകൾ ചെയ്യുമ്പോൾ പോലീസ് സേനയിലെ ഒരു അംഗത്തിന് ഒരു കൈയ്യബദ്ധമോ പോരായ്മയോ സംഭവിക്കുമ്പോൾ കേരള പോലീസിനെ ഒന്നടങ്കം കുറ്റപ്പെടുത്തുന്ന ഈ സാഹചര്യത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ നന്മ മലയാളികൾക്ക് മൊത്തം സന്തോഷം നൽകുന്നതാണ്.
ആറ്റിങ്ങൽ സ്വദേശിയും ക്രൈം ബ്രാഞ്ച് തിരുവനന്തപുരം ഡിവൈഎസ്പിയുമായ ബി അനിൽകുമാർ ആണ് ഇന്നത്തെ താരം. ഭിന്നശേഷിക്കാരിയായ 14 കാരിക്ക് വാക്കറും മധുര പലഹാരങ്ങളും സമ്മാനവുമായി ഡിവൈഎസ്പി കുട്ടിയുടെ വീട്ടിലെത്തിയപ്പോൾ നാട്ടുകാർ പറഞ്ഞു അതൊരു നന്മ നിറഞ്ഞ മനുഷ്യനാണ് എന്ന്.
കിഴുവിലം, കാട്ടുമ്പുറം, ശാന്ത മംഗളം വീട്ടിൽ അനിൽ കുമാർ ഗീത ദമ്പതികളുടെ മകൾ ഭിന്നശേഷിക്കാരിയായ ആരതി എ. നായർക്കാണ് സർപ്രൈസുമായി പോലീസ് മാമൻ എത്തിയത്. ആരതി ആദ്യമായി ഡിവൈഎസ്പി അനിൽകുമാറിനെ കാണുന്നത് 2019 നവംബർ 23നാണ്. അന്ന് കിഴുവിലം ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള ഭിന്നശേഷി കുട്ടികളുടെ കലോത്സവം പുരവൂർ എസ്‌വിയുപിഎസ്സിൽ വെച്ച് നടന്നപ്പോൾ ഉദ്ഘാടകനായി എത്തിയത് ഡിവൈഎസ്പിയാണ്. അന്ന് ആരതി അവിടെ വെച്ച് ഡിവൈഎസ്പിയെ കണ്ടപ്പോൾ പോലീസ് മാമ, പോലീസ് മാമ എന്ന് വിളിച്ചു. വിളി കേട്ട ഡിവൈഎസ്പി ആ കുട്ടിയുടെ അടുത്ത് പോയി വിശേഷങ്ങൾ ചോദിച്ചു. നടക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന ആരതിയോട് അദ്ദേഹം പറഞ്ഞു, ആരതിക്ക് സമ്മാനവുമായി വരുമെന്ന്. അന്ന് അവിടെ കൂടിയവർ കരുതിയത് അത് അദ്ദേഹം വെറുതെ പറഞ്ഞതാകും എന്നാണ്. എന്നാൽ ആ പോലീസുകാരൻ ഇന്ന് ആരതിയുടെ വീട്ടിൽ ആധുനിക രീതിയിൽ പ്രവർത്തിക്കുന്ന വാക്കറും സമ്മാനങ്ങളുമായി എത്തിയപ്പോൾ സന്തോഷം കൊണ്ട് അവിടെ കൂടിയവരുടെ കണ്ണ് നിറഞ്ഞു. സമ്മാനം ഏറ്റുവാങ്ങിയ ആരതി പോലീസ് മാമന് നന്ദിയും പറഞ്ഞു.
കിഴുവിലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എസ് ശ്രീകണ്ഠൻ, ജനപ്രതിനിധി ബി.എസ് ബിജുകുമാർ, വിദ്യാഭ്യാസ സമിതി ഉപാധ്യക്ഷൻ പി.ജി പ്രദീപ് പൊതുപ്രവർത്തകൻ ദേവരാജൻ തുടങ്ങിയവർ പങ്കെടുത്തു.
ആറ്റിങ്ങൽ സൗണ്ട് പ്ലസ് സ്കൂളിലെ 5ആം ക്ലാസ് വിദ്യാർത്ഥിനിയാണ് ആരതി എ നായർ