മംഗലപുരം : എപ്പോഴും വേറിട്ട പ്രവർത്തനങ്ങളിലൂടെ ജനങ്ങളെ അമ്പരപ്പിക്കുകയാണ് ഒരു പഞ്ചായത്ത് മെമ്പർ. മംഗലപുരം ഗ്രാമപഞ്ചായത്തിലെ തോന്നയ്ക്കൽ വാർഡ് അംഗം സുധീഷ്‌ലാൽ ആണു സേവനത്തിന്റെ ഭാഗമായി തന്റെ വാർഡിലെ തെരുവ് വിളക്കുകൾ കത്തിക്കുന്നതിനായി നേരിട്ട് പോസ്റ്റുകളിൽ കയറുന്നത്. 20 വാർഡുകൾ ഉള്ള പഞ്ചായത്തിൽ മൈന്റെനൻസ് സംഘം സമയ ബന്ധിതമായി എല്ലായിടത്തും എത്തില്ല എന്ന പ്രായോഗിക ബുദ്ധിമുട്ട് അറിയാമെന്നുള്ളതിനാൽ ഇദ്ദേഹം മിക്കപ്പോഴും നേരിട്ട് ഈ പ്രവർത്തനം ചെയ്യുന്നത്. അതിനാൽ തന്നെ ഈ വാർഡിൽ മറ്റു വാർഡുകളെ അപേക്ഷിച്ചു തെരുവ് വിളക്കുകൾ ഏറെക്കുറെ പ്രകാശിക്കുന്ന അവസ്ഥ തുടരുന്നു. ബന്ധപ്പെട്ടവർ വൈദ്യുതി ബന്ധം വിച്ഛേദിച്ചു നൽകിക്കഴിഞ്ഞാൽ മൈന്റെനൻസ് ആരംഭിക്കും. സ്വന്തമായി സുരക്ഷാ ഉപകരണങ്ങൾ വാങ്ങി വച്ചിട്ടുള്ളതിനാൽ മറ്റാരെയും കാത്തു നിൽക്കാൻ ഇദ്ദേഹം തയാറല്ല. കേടായ ലൈറ്റുകൾ ഒഴിവു സമയം കിട്ടുമ്പോൾ ഇദ്ദേഹം തന്നെ റിപ്പയർ ചെയ്തു വയ്ക്കുന്നു എന്നുള്ളതും ഈ സേവനത്തിനു മാറ്റു കൂട്ടുന്നു. തെരെഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങൾക്ക് സേവനം കൊണ്ട് മറുപടി നൽകുക എന്ന പ്രത്യേകതയും ഈ വാർഡിൽ കാണാം.