വിവാഹജീവിതത്തിന്റെ ധന്യമുഹൂർത്തത്തിലും വിദ്യാർത്ഥി ജീവിതകാലം മറക്കാതെ നവവധുവും വരനും. ടെലിവിഷൻ സ്വന്തമായില്ലാത്തതിനാൽ സർക്കാരിന്റെ ഓൺലൈൻ ക്ലാസിൽ പഠനം നടത്താൻ കഴിയാത്തവർക്ക് കൈത്താങ്ങായി മാറുകയായിരുന്നു അജാസ് ബഷീർ സുഹാനഹക്കീം ദമ്പതികൾ. സ്വന്തമായി ടെലിവിഷനില്ലാത്ത വിദ്യാർത്ഥികളെ സഹായിക്കുന്നതിനുവേണ്ടി വർക്കല എംഎൽഎ അഡ്വ.വി ജോയി ആരംഭിച്ച ഗൃഹപാഠം പദ്ധതിക്കു വേണ്ടിയാണ് ഇവർ ടെലിവിഷൻ സെറ്റ് വാങ്ങി നൽകിയത്. ആറ്റിങ്ങൽ കരിച്ചിയിൽ മൻഹലിൽ വെഞ്ഞാറമൂട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമായിരുന്ന പരേതനായ അബ്ദുൽ ബഷീറിന്റെയും മുൻ കോളേജ് അധ്യാപിക ഡോക്ടർ സീനയുടെയും മകനായ അജാസ് ബഷീർ മുൻ കാല എസ് എഫ് ഐ പ്രവർത്തകനാണ്. ആലപ്പുഴ കരുവാറ്റയിൽ മഠത്തിൽ വീട്ടിൽ അബ്ദുൽ ഹഖീമിന്റെയും സബീനയുടെ മകളാണ് നവവധുവായ സുഹാന ഹക്കീം.അഡ്വ. വി ജോയി എം എൽ എ ടെലിവിഷൻ ഏറ്റുവാങ്ങി.അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് അംഗം എസ് പ്രവീൺ ചന്ദ്ര ചടങ്ങിൽ പങ്കെടുത്തു