പള്ളിപ്പുറം : പള്ളിപ്പുറത്ത് രണ്ടു വീടുകളും വാഹനങ്ങളും അടിച്ചുതകർത്ത കേസിൽ രണ്ടുപേരെ മംഗലപുരം പോലീസ് അറസ്റ്റുചെയ്തു. പള്ളിപ്പുറം അമൻ വില്ലയിൽ ഷിബു(42), പള്ളിപ്പുറം പുതുവൽ പുത്തൻ വീട്ടിൽ ഫിറോസ്(34) എന്നിവരെയാണ് പോലീസ് പിടികൂടിയത്. പ്രതികളെ റിമാൻഡു ചെയ്തു.
വീടാക്രമിച്ച കേസിൽ ആറുപേർക്കെതിരേ കേസെടുത്തതായി മംഗലപുരം സി.ഐ. പി.ബി.വിനോദ്കുമാർ പറഞ്ഞു. പള്ളിപ്പുറം കുഴിയാലയ്ക്കൽ റഹ്മത്തിന്റെയും സഹോദരൻ മസൂദിന്റെയും വീട്ടിനുനേരേ ശനിയാഴ്ച രാത്രി ഒരുമണിയോടെയാണ് ആക്രമണമുണ്ടായത്. പ്രദേശവാസികൾ ഉൾപ്പെടുന്ന പതിനഞ്ചംഗ സംഘമാണ് അക്രമണം നടത്തിയതെന്നാണ് വീട്ടുകാർ പോലീസിനു മൊഴി നൽകിയത്.
മൂന്നു ദിവസം മുൻപ് മസൂദിന്റെ വീടിന്റെ നിർമാണാവശ്യത്തിനുള്ള ഇഷ്ടിക എത്തിയപ്പോൾ അയൽവാസികളായ രണ്ടുപേർ 2000 രൂപ ചോദിച്ചിരുന്നതായി വീട്ടുകാർ പറയുന്നു. വീട്ടുകാർ മംഗലപുരം പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസെത്തിയശേഷമാണ് ലോഡ് ഇറക്കിയത്. ഇതിനു പിന്നാലെ ശനിയാഴ്ച ഉച്ചയ്ക്ക് മസൂദിന്റെ വീട്ടിൽ ആക്രമണമുണ്ടായി. മസൂദിനെയും ഭാര്യ സൂഫിയയെയും വീട്ടിൽ കയറി അക്രമിച്ചു.
അക്രമികളെ പേടിച്ച് മസൂദും കുടുംബവും തൊട്ടടുത്തുള്ള സഹോദരി റഹ്മത്തിന്റെ വീട്ടിലാണ് രാത്രി താമസിച്ചത്. രാത്രി ഒരു മണിയോടെ മുഖംമൂടി ധരിച്ച് മാരകായുധങ്ങളുമായി എത്തിയ അക്രമിസംഘം ആദ്യം മസൂദിന്റെ വീട്ടിലെ ജനൽച്ചില്ല് തകർത്തതിനു ശേഷം സഹോദരി റഹ്മത്തിന്റെ വീടിന്റെ ജനൽച്ചില്ലുകളും അടിച്ചു തകർത്തു.
മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ചു. വീടിന്റെ മുൻപിൽ നിർത്തിയിട്ടിരുന്ന കാറും രണ്ട് ബൈക്കുകളും അക്രമിസംഘം അടിച്ചുതകർത്തു. ശബ്ദം കേട്ട് സ്ഥലത്തെത്തിയ നാട്ടുകാരെ അക്രമിസംഘം മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി. പോലീസ് സ്ഥലത്തെത്തിയപ്പോൾ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.