വർക്കലയിൽ പുതുതായി നിർമ്മിക്കുന്ന പൊതുമരാമത്ത് റസ്റ്റ് ഹൗസിന്റെ നിർമ്മാണോദ്ഘാടനം മൊബൈൽ ഫോൺ ഓഡിയോ കോൺഫ്രൻസിംഗിലൂടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ നിർവഹിച്ചു.
ശ്രീനാരായണഗുരുവിന്റെ ആധ്യാത്മിക പ്രസ്ഥാനങ്ങളുടെ കേന്ദ്രമായ വർക്കലയിൽ പുതിയ മന്ദിരം ഒരു മുതൽക്കൂട്ടാകുമെന്ന് മന്ത്രി പറഞ്ഞു. പുതിയ മന്ദിരം യാഥാർത്ഥ്യമാകുന്നതോടെ പൊതുജനങ്ങൾക്കും സർക്കാർ ജീവനക്കാർക്കും കുറഞ്ഞ ചെലവിൽ താമസിക്കാനാകും. ഇത് വർക്കലയിലെ വിനോദസഞ്ചാരത്തിന് ഏറെ ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു.
40 സെന്റ് സ്ഥലത്ത് മൂന്നു നിലകളിലായി 20,000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് മന്ദിരം നിർമിക്കുന്നത്. നാല് സൂട്ട് റൂമുകൾ, 14 ഡീലക്‌സ് മുറികൾ, ആറ് സ്റ്റാൻഡേർഡ് മുറികൾ, കോൺഫറൻസ് ഹാൾ, ഡൈനിംഗ് ഹാൾ, മറ്റു അനുബന്ധ സൗകര്യങ്ങൾ എന്നിവ മന്ദിരത്തിലുണ്ടാകും. എട്ടുകോടി രൂപയാണ് നിർമാണചെലവ് പ്രതീക്ഷിക്കുന്നത്. വർക്കല നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വി. ജോയ് എം.എൽ.എ അധ്യക്ഷത വഹിച്ചു. വർക്കല നഗരസഭ ചെയർപേഴ്‌സൺ ബിന്ദു ഹരിദാസ് സ്വാഗതം ആശംസിച്ചു. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെ എം കെ യൂസഫ്, ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമംഗല. വാർഡ് കൗൺസിലർ സ്വപ്ന ശേഖർ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.