അയിരൂർ : ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 75കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. അയിരൂർ ചാരുംകുഴി പുത്തൻവീട്ടിൽ രാജീവ് (26) ആണ് അറസ്റ്റിലായത്. ജൂൺ 24 അർദ്ധരാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം. വൃദ്ധയുടെ വീടിനു സമീപം രാത്രി എട്ടരയോടെ എത്തി ഒളിച്ചിരുന്ന യുവാവ് 11 മണിയോടെ മീറ്റർ ബോക്സിലെ മെയിൻസ്വിച്ച് തകർത്ത് വൈദ്യുതി വിഛേദിച്ചു. അടിവസ്ത്രം മാത്രം ധരിച്ച് വീടിന്റെ ഓട് പൊളിച്ച് അകത്തിറങ്ങി ഉറങ്ങിക്കിടക്കുകയായിരുന്ന വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ചെറുത്തുനിന്ന വൃദ്ധയെ വലിച്ചിഴച്ച് സമീപത്തെ കുറ്റിക്കാട്ടിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ വൃദ്ധ നിലവിളിക്കുകയും പ്രതി ഓടി രക്ഷപ്പെടുകയുമായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ വീടിനു സമീപത്തു നിന്ന് കിട്ടിയ പ്രതിയുടെ വസ്ത്രങ്ങളും മാലയും ചെരുപ്പും കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. രണ്ട് പ്രാവശ്യം പൊലീസ് പ്രതിയുടെ വീട് വളഞ്ഞെങ്കിലും കായലിൽചാടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം പൊലീസ് സമർത്ഥമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. മോഷണകേസുകളിലും പീഡനകേസുകളിലും നേരത്തെ പ്രതിയാണ് യുവാവെന്ന് പൊലീസ് പറഞ്ഞു. അയിരൂർ പൊലീസ് ഇൻസ്പെക്ടർ വി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സജീവ്, ശ്രീകുമാർ, പൊലീസുകാരായ സജീവ്, ഷജീർ, ബ്രിജ് ലാൽ, സിബി, അർഷിദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
