ആറ്റിങ്ങൽ : ആറ്റിങ്ങൽ ദേശീയപാത വികസനത്തിന്റെ ഭാഗമായി ജൂലൈ 15 മുതൽ ആറ്റിങ്ങലിൽ ഗതാഗത ക്രമീകരണം നിലവിൽ വരും. ജൂലൈ 15 മുതൽ പൂവൻപാറ – കച്ചേരിനടയിലേക്ക് വരുന്ന പടിഞ്ഞാറ് ഭാഗം റോഡിലെ പകുതി ഭാഗം അടച്ച് റോഡ് നിർമ്മാണം തുടങ്ങും. ഒരു ഭാഗം മാത്രം ഗതാഗതത്തിന് തുറന്നു കൊടുക്കും. റോഡ് വൺവേ ആക്കി മാറ്റും. കൊല്ലത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്നവർക്ക് ആറ്റിങ്ങൽ വഴി കടന്ന് പോകാം. തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് പോകുന്നവർ പാലസ് റോഡ് വഴി മണനാക്ക് – ആലംകോട് വഴി കൊല്ലം പോകണം. ഈ നിയന്ത്രണം രാത്രിയും പകലും ഉണ്ടാകും. നിലവിൽ റോഡ് വികസനത്തിനായി സഹകരിച്ച് കൊണ്ടിരിക്കുന്ന വസ്തു ഉടമകളും, വ്യാപാരി വ്യവസായി സുഹൃത്തുക്കളും, റോഡ് നിർമ്മാണ പ്രവർത്തനങ്ങളോട് സഹകരിക്കണമെന്ന്
അഡ്വ ബി.സത്യൻ എംഎൽഎ അഭ്യർത്ഥിച്ചു.