തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനും സന്ദീപ് നായര്‍ക്കും വേണ്ടി വ്യാപക തിരച്ചില്‍. ബ്രൈമൂര്‍, മങ്കയം എന്നിവിടങ്ങളിലെ പൂട്ടിക്കിടക്കുന്ന വീടുകളിലും പൊലീസ് പരിശോധന നടത്തി.
2014 ല്‍ സ്വര്‍ണക്കടത്തുകേസില്‍ സന്ദീപ് പിടിയിലായിരുന്നു. പൂജപ്പുരയില്‍ താമസിച്ചിരുന്നപ്പോള്‍ ഇയാള്‍ അന്വേഷണസംഘത്തെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. നെടുമങ്ങാട് മേലാങ്കോടും പിന്നീട് മഞ്ചയിലേക്കും ഇയാള്‍ താമസം മാറ്റിയിരുന്നു.
സന്ദീപിന് കോഴിക്കോട്ടും വന്‍ സുഹൃദ് വലയം ഉള്ളതായി കസ്റ്റംസിന് സൂചന ലഭിച്ചിട്ടുണ്ട്. സ്വപ്‌ന രക്ഷപ്പെട്ടെന്ന് സംശയിക്കുന്ന കാര്‍ കടന്നുപോയ വഴികളിലും പൊലീസ് പരിശോധന നടത്തി. കാറില്‍ സ്വപ്‌നയെക്കൂടാതെ ഒരു സ്ത്രീ കൂടി ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പാലോട് നിന്നും കുളത്തൂപ്പുഴ വഴി തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് സൂചന