കല്ലമ്പലം: കാറിൽ കറങ്ങി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ ചെമ്മരുതി വലിയവിള എസ്.എസ് നിവാസിൽ സതീഷ് സാവൻ (40 – സിംപ്ളൻ) ഗുണ്ടാ നിയമപ്രകാരം അറസ്റ്റിലായി. സതീഷിനെതിരെ തമ്പാനൂർ, ഫോർട്ട്, നേമം, വിഴിഞ്ഞം, ചെങ്ങന്നൂർ, ചങ്ങാനാശേരി സ്റ്റേഷനുകളിൽ നിരവധി മാലമോഷണ കേസുകൾ നിലവിലുണ്ട്. ചിറയിൻകീഴ് കുഞ്ഞുമോൻ കൊലപാതകക്കേസ്, കഠിനംകുളം, അയിരൂർ, കല്ലമ്പലം, വലിയതുറ, അങ്കമാലി എന്നിവിടങ്ങളിൽ വധശ്രമം, ആക്രമണം എന്നിവയിലും ഇയാൾ പ്രതിയാണ്. കഴിഞ്ഞ ജനുവരിയിൽ പനയറ, അയിരൂർ എന്നിവിടങ്ങളിൽ രണ്ടുപേരെ വധിക്കാൻ ശ്രമിച്ചതിനും കുന്നത്തുമല കോളനി ഗ്രൗണ്ടിൽ ബോംബെറിഞ്ഞ സംഭവത്തിലുമാണ് ഇയാൾ അവസാനമായി പിടിയിലായത്. റൂറൽ എസ്.പി ബി. അശോകന്റെ നിർദ്ദേശാപ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ് വൈ. സുരേഷിന്റെ നേതൃത്വത്തിൽ കല്ലമ്പലം സി.ഐ ഫറോസ്, എസ്.ഐ ഗംഗാപ്രസാദ്, പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐമാരായ ഫിറോസ് ഖാൻ, ബിജു എ.എച്ച്, എ.എസ്.ഐമാരായ ബി. ദിലീപ്, ആർ. ബിജുകുമാർ, എസ്.സി.പി.ഒ ഹരീന്ദ്രനാഥ്, സി.പി.ഒമാരായ ഷാൻ, സുരാജ് എന്നിവരടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസം കടമ്പാട്ടുകോണത്തുനിന്നു പ്രതിയെ പിടികൂടിയത്.
