വിളവൂർക്കൽ : ഗ്യാസ് സിലിൻഡർ ഘടിപ്പിച്ച് അടുപ്പ് കൊളുത്തുന്നതിനിടെ സിലിണ്ടറിലേക്ക് തീ ആളിപ്പടർന്ന് വീട് കത്തിനശിച്ചു. വ്യാഴാഴ്ച വൈകിട്ട് വിളവൂർക്കൽ, പുകവല്ലിയൂർക്കോണം വിജയാഭവനിൽ പുരുഷോത്തമൻ നായരുടെ വീട്ടിലായിരുന്നു സംഭവം. തച്ചോട്ടുകാവിൽ ഉള്ള സ്വകാര്യ ഗ്യാസ് ഏജൻസിയിൽനിന്നും റീഫിൽ ചെയ്ത് കൊണ്ടുവന്നതായിരുന്നു സിലിണ്ടർ. പുതിയ റഗുലേറ്ററും ഏജൻസിയിൽനിന്ന് ലഭിച്ചതാണ്. പുരുഷോത്തമൻ നായരും ഭാര്യ വിജയകുമാരിയും ചേർന്ന് സിലിണ്ടറിൽ റെഗുലേറ്റർ ഘടിപ്പിച്ചശേഷം അടുപ്പിൽ തീ പകർന്നയുടൻ സിലിണ്ടറിൽ തീപിടിക്കുകയായിരുന്നു. ഇവരുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ തീയണച്ചു. വീടിന്റെ ജനാലകളും വാതിലുകളും ഇലക്ട്രിക് ഉപകരണങ്ങളും വയറിങ്ങും കത്തിനശിച്ചു. കാട്ടാക്കടനിന്നും അഗ്നിരക്ഷാസേനയും, മലയിൻകീഴ് പൊലീസും വില്ലേജ്, പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു