പഴയകുന്നുമ്മേൽ : പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൽ 7 -ാം വാർഡിൽ തൊളിക്കുഴി ജംഗ്ഷന് സമീപം നെൽപ്പാടങ്ങൾക്ക് സമാന്തരമായി ഒഴുകിക്കൊണ്ടിരുന്ന പരമ്പരാഗത ചെറുതോട് തണ്ണീർത്തട നിയമം ലംഘിച്ചുകൊണ്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിർദ്ദേശം സ്വീകരിക്കാതെ നികത്തി റോഡ് നിർമ്മിച്ചതായി പരാതി. റോഡ് നിർമ്മാണ സമയത്ത് ചെറുതോട് മുമ്പുണ്ടായിരുന്ന നിലയിൽ നിർമ്മിക്കുമെന്ന് വാർഡ് മെമ്പർ സമ്മതിച്ചിരുന്നെന്നും എന്നാൽ നാളിതുവരെ അക്കാര്യം നടപ്പിലാക്കിയിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. ഇവിടെ ചെറുതോട് പുനസ്ഥാപിച്ചു കിട്ടിയാൽ മാത്രമേ നെൽകൃഷി ചെയ്യുന്നതിന് സാധ്യമാകൂ. റോഡിലെ ഓടയിൽ നിന്നും ഒഴുകിവരുന്ന മലിന ജലം ചെറുതോട് നികത്തിയതുകാരണം കൃഷിസ്ഥലത്ത് നിറയുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു. തൊളിക്കുഴി ജംഗ്ഷനിൽ നിന്നും , ചന്തയിൽ നിന്നും ഒഴുകിവരുന്ന മലിന ജലം ഈ ചെറുതോടിലൂടെയാണ് ചിറ്റാറിൽ എത്തിച്ചേർന്നുകൊണ്ടിരുന്നത് . ഈ ചെറുതോട് ഒഴുകിക്കൊണ്ടിരുന്ന കലിങ്ക് പൂർണ്ണമായും മണ്ണിട്ടുമൂടിയ നിലയിലാണ്. ഉദ്ദേശം 60 വർഷങ്ങൾക്ക് മുമ്പ് പൊതുമരാമത്ത് നിർമ്മിച്ച കടയ്ക്കൽ കുറവൻകുഴി റോഡിനു കുറുകെ കലിങ്ക് നിർമ്മിച്ചാണ് ഈ ചെറുതോട്ടിലെ വെളളം ഒഴുക്കി വിട്ടിരുന്നത് . റോഡ് നിർമ്മാണ സമയത്ത് സാങ്കേതിക മേൽ നോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥരാരും ഈ സ്ഥലത്ത് വരാതിരുന്നതിന്റെ ഫലമായി തൊളിക്കുഴി നെൽപ്പാടത്തിലെ നെൽകൃഷി സാധ്യമല്ലാത്ത ഒരവസ്ഥ വന്നിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. വയലേലകൾക്ക് സമാന്തരമായി ചിറ്റാറിലേക്ക് ഏകദേശം 600 മീറ്ററോളം വെള്ളം ഒഴുകിയിരുന്നത് ഈ ചെറുതോടിലൂടെയാണ് . വർഷങ്ങൾക്ക് മുമ്പേ നിലവിലുണ്ടായിരുന്ന ചെറുതോട് പുനസ്ഥാപിച്ച് നെൽ പാടം കൃഷിക്ക് അനുയോജ്യമാക്കി മാറ്റുന്നതിനുളള സാഹചര്യം ഉണ്ടാകുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപെപ്പടുന്നു.