ആറ്റിങ്ങൽ: തുടക്കത്തിൽ ധൃതികാട്ടി ചെയ്തു തുടങ്ങിയ ദേശീയ പാത വികസന പദ്ധതി നീണ്ടുപോകുന്നെന്നു ആരോപണം. ഗതാഗതക്കുരുക്കിൽ വലയുന്ന ആറ്റിങ്ങലിന് ദേശീയ പാത നാലുവരിയാക്കുന്ന പദ്ധതിയാണ് ഇപ്പോൾ ഇഴഞ്ഞു നീങ്ങുന്നതത്രെ .
2018 നവംബർ 8ന് റോഡ് വികസനത്തിനായി ഭൂമി ഒഴിപ്പിക്കൽ തുടങ്ങിയിരുന്നു. തുടക്കത്തിൽ 2019ജനുവരിയിൽ തന്നെ പദ്ധതിയും പൂർത്തിയാക്കുമെന്നായിരുന്നു അന്ന് അധികൃതർ പറഞ്ഞത്. എന്നാൽ ഒരുവശത്തെ സ്ഥലമെടുക്കലും റോഡിനായി ഏറ്റെടുത്ത ചില സ്ഥലങ്ങളിൽ മതിൽ കെട്ടിയതും ഒഴിച്ചാൽ ഇനിയുമുണ്ട് ഒരുപാട് പ്രവർത്തനങ്ങൾ.
ആറ്റിങ്ങലിൽ ദേശീയപാതാ വികസനം സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്ന് ഇത്തവണത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 2016 ൽ 22.78 കോടി രൂപ പാതയ്ക്കായി അനുവദിച്ചിരുന്നു. പിന്നീട് മൂന്ന് കോടി രൂപ കൂടി അനുവദിച്ചു. നിലവിൽ പാതയ്ക്കായി പുറമ്പോക്ക് ഭൂമി ഒഴിപ്പിച്ച് മതിൽ നിർമാണം ചിലയിടങ്ങളിൽ നടത്തിയിട്ടുണ്ട്.കിഴക്കേ നാലുമുക്കിലുൾപ്പെടെ കടകൾ ഇടിച്ചുനീക്കി.ഇതിനിടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കേസുകൾ വന്നത് പാതാ വികസനത്തെ തടസപ്പെടുത്തി.ഈ കേസുകളിൽ സ്വകാര്യ വ്യക്തികളെ കൂടി ബോധ്യപ്പെടുത്തി സ്ഥലമെടുക്കാമെന്ന് കോടതി നിർദേശിച്ചു. ആദ്യം ഇരുപത് മീറ്റർ വീതിയിലാണ് പാത നിർമിക്കാൻ ഉദ്ദേശിച്ചിരുന്നത്.എന്നാൽ പിന്നീട് 16 മീറ്ററാക്കി ചുരുക്കി. നിർമിക്കുവാൻ ഉദ്ദേശിക്കുന്ന നാലുവരിപാതയ്ക്ക് 16 മിറ്റർ മതിയാകുമെന്ന കണക്കുകൂട്ടലിലായിരുന്നു ഇത്. അധിക സ്ഥലത്ത് പരമാവധി ലഭിക്കുന്ന വീതി നിലനിർത്തുവാനും അലൈമെൻ്റ് പുതുക്കി എസ്റ്റിമേറ്റും ഡിസൈനും തയാറാക്കുവാനും തീരുമാനമെടുത്തു. വികസന പദ്ധതി തയാറാക്കാൻ സർക്കാർ സംവിധാനം ഉപയോഗിച്ചാൽ കാലതാമസം
നേരിടുമെന്നതിനാൽ എസ്റ്റിമേറ്റ് തയാറാക്കുന്നതിനും മറ്റും സ്വകാര്യ ഏജൻസികളെ ഏൽപിച്ച് അർജൻ്റ് ക്ലോസിൽപ്പെടുത്തി വേഗം അലൈമെൻ്റ് തയാറാക്കി കരാർ ചെയ്ത് പണി ആരംഭിക്കുവാനും ധാരണയായിരുന്നു. എന്നാൽ അലൈന്റ്മെന്റിന്റെ കാര്യത്തിലും പാതയുടെ കരാർ ക്ഷണിക്കുന്നതിലും മാസങ്ങൾ പിന്നിട്ടിട്ടും അന്തിമ തീരുമാനമായിട്ടില്ല. ഇക്കാര്യങ്ങൾ ഉൾപ്പെടെ വൈകുന്ന സാഹചര്യത്തിൽ വികസനം എന്ന് നടപ്പാക്കുമെന്ന് ആർക്കും ഉറപ്പില്ലാത്ത സ്ഥിതിയാണ്. എന്നാൽ അലൈന്റ്മെന്റും എസ്റ്റിമേറ്റും തയാറായതായും ഉടൻ തന്നെ കരാർ ക്ഷണിക്കുമെന്നും ബി.സത്യൻ എംഎൽഎ പറയുന്നു.