വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കെഎസ്ആർടിസി ഡിപ്പോയിൽ ഡീസൽ പമ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഡിപ്പോയിൽ പന്പ് ഇല്ലാത്തതിനാൽ ഇവിടെ നിന്നും ബസുകൾ ഡീസൽ നിറയ്ക്കാൻ ആറ്റിങ്ങൽ, കിളിമാനൂർ, വികാസ്ഭവൻ, തിരുവനന്തപുരം സിറ്റി, നെടുമങ്ങാട് തുടങ്ങിയ ഡിപ്പോകളെയാണ് ആശ്രയിക്കുന്നത്. വെഞ്ഞറമൂട് -മുതുവിള ചെയിൻ സർവീസിന് ആറ് ബസുകൾ അയക്കുന്നതിൽ ഒരു ട്രിപ്പ് ഡീസൽ നിറക്കാനായി കിളിമാനൂരിലേയ്ക്ക് പോകുന്നത് ഡിപ്പോയ്ക്ക് വലിയനഷ്ടമാണ് വരുത്തുന്നതെന്ന് ജീവനക്കാർ പറയുന്നു.
കിലോമീറ്ററുകൾ താണ്ടി മറ്റു ഡിപ്പോകളിലേക്ക് ബസ് പോകുന്നതുമൂലം ഷെഡ്യൂൾ അനുസരിച്ച് എല്ലാ റൂട്ടുകളിലും കൃത്യമായി ബസുകൾ അയക്കുവാൻ കഴിയാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്.
ഡീസൽ അടിക്കാനായി പോകുന്ന ഡിപ്പോയിൽ സ്റ്റോക്ക് ഇല്ലാതാകുന്ന ദിവസങ്ങളിൽ ഡിപ്പോയുടെ പ്രവർത്തനങ്ങൾ തന്നെ അവതാളത്തിലാവുകയും ചെയ്യും. വെഞ്ഞാറമൂട് ഡിപ്പോയിലെ 60 ബസുകൾക്ക് ശരാശരി 3500 ലിറ്റർ ഡീസൽ ആവശ്യമാണ്. പ്രദേശങ്ങളിലെ യാത്രാക്ലേശത്തിന് പരിഹാരമായി വെഞ്ഞാറമൂട് ഡിപ്പോയിൽ ഒരു ഡീസൽ പമ്പ് അനുവദിയ്ക്കണം എന്നതാണ് നാട്ടുകാരുടേയും ജീവനക്കാരുടേയും ആവശ്യം.