അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമണിന്റ് ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടാൻ ശ്രമം. ഫേസ്ബുക്ക് മെസഞ്ചറിൽ നിന്ന് നിരവധി പേർക്ക് പണം ആവശ്യപ്പെട്ട് സന്ദേശം പോയി. അതിൽ ചിലർ മറുപടിയും കൊടുത്തു. എന്നാൽ പഞ്ചായത്ത് പ്രസിഡന്റ് ആണോ അല്ലയോ എന്ന് സംശയം തോന്നിയ ഒന്നു രണ്ടുപേർ ക്രിസ്റ്റി സൈമണിനെ ഫോണിൽ ബന്ധപ്പെട്ട് പണം ആവശ്യപ്പെട്ടതിനെ കുറിച്ച് അന്വേഷിച്ചു. അപ്പോഴാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌തെന്ന് മനസ്സിലാക്കുന്നത്. തുടർന്ന് പ്രസിഡന്റ് ഉടൻ തന്നെ സുഹൃത്തുക്കളോട് പണം അയക്കരുതെന്നും ഹാക്ക് ചെയ്യപ്പെട്ട വിവരവും അറിയിച്ചു. 200ലധികം പേരോട് പണം ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്. ഒരു പേ.ടി.എം അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനായിരുന്നു ആവശ്യം. സംഭവത്തെ തുടർന്ന് ക്രിസ്റ്റി സൈമൺ പൊലീസിൽ പരാതി നൽകി.
