മുതലപ്പൊഴി ഹാർബറിനു മുമ്പിൽ കായലിൽ മുങ്ങിത്താഴ്ന്നു കിടന്ന സ്ത്രീയെ കോസ്റ്റൽ പോലീസ് രക്ഷപ്പെടുത്തി. പുലർച്ചെയാണ് സംഭവം. പഴയ മീൻകട സ്വദേശിനി സിഫറി(65)നെയാണ് മറൈൻ എൻഫോഴ്സ്മെൻറ് ജോലിക്കാർ കണ്ട് കോസ്റ്റൽ പോലീസിനെ വിവരമറിയിച്ചതിനെത്തുടർന്ന് രക്ഷപ്പെടുത്തിയത്. രാത്രി പ്രാഥമിക ആവശ്യത്തിന് പുറത്തിറങ്ങിയപ്പോൾ പട്ടി ഓടിച്ചുവെന്നാണ് അവർ പറഞ്ഞത്. എന്നാൽ രാത്രിയിൽ ഇറങ്ങി നടക്കുന്ന സ്വഭാവം ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ജിഎ.എസ്ഐമാരായ ബിജുരാജ്, റിയാസ്, ജ്യോതി സിപിഒ ഷാഹുൽഹമീദ്, ഡ്രൈവർ രാജേന്ദ്രപ്രസാദ് ബോട്ടിലെ ജീവനക്കാരനായ ജോസ് എന്നിവർ ചേർന്ന് പോലീസ് ജീപ്പിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ബന്ധുക്കൾക്കൊപ്പം വീട്ടിലേക്കയച്ചു.