അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടിപ്പോലീസും എൻ്റെ നാട് ഊരു പൊയ്ക – സമൂഹ മാധ്യമ കൂട്ടായ്മയും കൈകോർത്തു.
മാഹീനും അബുവിനും പെരുന്നാൾ സമ്മാനമായി അടച്ചുറപ്പുള്ള വീടൊരുങ്ങി.
മാതാപിതാക്കൾ ഉപേക്ഷിച്ച് മുത്തശ്ശിക്കൊപ്പം കഴിയുന്ന അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ഒൻപതാം ക്ലാസുകാരൻ മഹീനും അവൻ്റെ അനുജൻ അബുവിനും ചോർന്നൊലിക്കുന്ന അടച്ചുറപ്പില്ലാത്ത കൂരയിൽ നിന്ന് മോചനം. അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടേയും സമൂഹമാധ്യമ കൂട്ടായ്മയായ എൻ്റെ നാട് ഊരു പൊയ്കയും ചേർന്ന് ഇവർക്ക് ബലിപെരുന്നാൾ സമ്മാനമായി വീട് പുനർനിർമ്മിച്ച് നൽകി. ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികളെ സന്ദർശിച്ച് അവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ മാഹീനിൻ്റെ വീട്ടിൽ കേഡറ്റുകൾ എത്തിയത്. വാർദ്ധക്യത്താൽ വിഷമതകൾ അനുഭവിക്കുന്ന മുത്തശ്ശിയുടെ മാത്രം തണലിൽ കഴിയുന്ന അവൻ്റെ ദുരവസ്ഥ മനസ്സിലാക്കിയ അവർ ആ കുടുംബത്തെ സഹായിക്കാൻ സുമനസ്സുകളായ എൻ്റെ നാട് – ഊരുപൊയ്ക സമൂഹമാധ്യമ കൂട്ടായ്മയുമായി ഒരുമിക്കുകയായിരുന്നു. മേൽക്കൂരയും ചുവരുകളും മാറ്റിപ്പണിത് ചെളിവെളളം നിറഞ്ഞ തറ ശരിയാക്കി ചുവരുകൾ ചായം പൂശി മനോഹരമാക്കി നൽകുകയായിരുന്നു. ഇതിനുപുറമേ പഠന സൗകര്യത്തിനായി മേശയും കസേരകളും പുസ്തകങ്ങളും വാങ്ങി നൽകി. ഒപ്പം വീടിൻ്റെ വൈദ്യുതീകരണവും പൂർത്തിയാക്കി. പുനർനിർമ്മിച്ച വീടിൻ്റെ താക്കോൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസർ വി.എസ്.ദിനരാജ് കഴിഞ്ഞ ദിവസം കുടുംബത്തിന് കൈമാറി. സ്കൂൾ പി.റ്റി.എ.പ്രസിഡൻ്റ് എൽ.ആർ.മധുസൂദനൻ നായർ, ഹെഡ്മിസ്ട്രസ് റ്റി.റ്റി.അനിലാറാണി, അനിൽരാജിൻ്റെ നേതൃത്വത്തിലുള്ള സമൂഹമാധ്യമ കൂട്ടായ്മയുടെ പ്രവർത്തകർ, കമ്യൂണിറ്റി പോലീസ് ഓഫീസർ എൻ.സാബു എന്നിവർ സംബന്ധിച്ചു.