ആറ്റിങ്ങൽ : പെരുന്നാൾ അവധിയുടെ മറവിൽ നടന്ന മണ്ണ് കടത്ത് നാട്ടുകാർ ഇടപെട്ടു തടഞ്ഞു. ആറ്റിങ്ങൽ മൂന്നു മുക്ക്- പൂവൻപാറ ദേശീയപാത വികസനത്തിന്റെ ഭാഗമായി നീക്കം ചെയ്ത് മണ്ണ് മാമം ചന്ത മൈതാനത്ത് കൂട്ടിയിട്ടിരുന്നു. ഇത് ലേലം ചെയ്തെടുത്ത കരാറുകാരൻ മണ്ണെടുക്കാൻ എത്തിയിട്ട് ചന്തയിലെ മൺതിട്ട ഇടിച്ചു കടത്താൻ ശ്രമിച്ചതാണ് നാട്ടുകാർ ഇടപെട്ട് തടഞ്ഞത്. ജെസിബിയും ലോറിയും ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായി എത്തിയാണ് മണ്ണ് കടത്താൻ ശ്രമിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി ജെസിബി ഓപ്പറേറ്ററേയും ലോറി ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. മൈതാനത്ത് കൂട്ടിയിട്ടുള്ള മണ്ണ് മാത്രമാണ് ലേലം ചെയ്തതെന്നും അല്ലാതെ മൈതാനം ഇടിച്ചു മണ്ണെടുക്കാൻ അനുമതി നൽകിയിട്ടില്ലെന്നും ദേശീയപാത ഉദ്യോഗസ്ഥർ അറിയിച്ചു.
