ആറ്റിങ്ങൽ : കോവിഡ് വ്യാപനം ഭയന്ന് സാമൂഹിക അകലം പാലിക്കണമെന്ന് പറഞ്ഞപ്പോൾ അപകടത്തിൽപെട്ട് വഴിയിൽ കിടന്നാലും ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ്. ഇന്ന് ഉച്ചയ്ക്ക് ആറ്റിങ്ങൽ ദേശീയ പാതയിൽ താലൂക്ക് ഓഫീസിനും കോടതിക്കും സമീപം റോഡ് വശത്ത് ഒരു വയോധികൻ സഹായം ലഭിക്കാതെ രക്തം വാർന്ന് കിടന്നത് അര മണിക്കൂറോളം. തിരക്ക് പിടിച്ച റോഡിലൂടെ നിരവധി വാഹനങ്ങൾ ചീറിപ്പാഞ്ഞെങ്കിയിലും ആരും സഹായിക്കാൻ എത്തിയില്ല. സമീപത്തു ഓട്ടോയും കാറും ഒരുപാട് ഉണ്ടായിരുന്നെങ്കിലും ആളുകൾ കാഴ്ചകാരായി നിന്നു. ഇതിനിടയിൽ 2 യുവാക്കൾ വയോധികനെ ആശുപത്രിയിൽ കൊണ്ട് പോകാൻ തയ്യാറായെങ്കിലും വാഹനങ്ങൾ ഒന്നും ലഭിച്ചില്ല. ആരും അവരുടെ സ്വന്തം വാഹനത്തിൽ ആശുപത്രിയിൽ കൊണ്ടുപോകാൻ സമ്മതിച്ചില്ല. തുടർന്ന് യുവാക്കളും പിന്മാറി. ഒടുവിൽ അര മണിക്കൂറോളം കഴിഞ്ഞ് ആംബുലൻസ് എത്തി അദ്ദേഹത്തെ വലിയകുന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. താലൂക്ക് ഓഫീസിന് സമീപത്തെ ക്യാന്റീനടുത്തുള്ള പ്ലാവിൽ ചക്ക അടർത്താൻ കേറിയപ്പോഴാണ് വയോധികൻ താഴെ വീണത്. എന്നാൽ നീതി ന്യായ സംവിധാനങ്ങളുടെ സമീപത്ത് റോഡ് വശത്ത് ഒരാൾ അര മണിക്കൂറോളം സഹായം ലഭിക്കാതെ കിടന്നത് വേദനിപ്പിക്കുന്നതാണെന്ന് ജനങ്ങൾ പറഞ്ഞു. രണ്ടാഴ്ച മുൻപ് വലിയകുന്ന് താലൂക്ക് ആശുപത്രിക്ക് സമീപം ഒരാൾ രക്തം ച്ഛർദിച്ച് സഹായം ലഭിക്കാതെ 3 മണിക്കൂറോളം ബസ് സ്റ്റോപ്പിൽ കിടന്നത് വലിയ വാർത്തയായിരുന്നു.
