ആറ്റിങ്ങൽ: ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലമ്പുഴ ഓവർ ബ്രിഡ്ജ് ചെയർമാൻ സന്ദർശിച്ചു.
ആറ്റിങ്ങൽ മണനാക്ക് റോഡിൽ അപകടകെണിയാവുന്ന കൊല്ലമ്പുഴ മേൽപാലത്തിൽ അടിയന്തിര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കൊല്ലമ്പുഴ, കുന്നുവാരം യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ നഗരസഭാ ചെയർമാന് നിവേദനം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ചെയർമാൻ എം. പ്രദീപ് സ്ഥലം സന്ദർശിക്കുകയും സൂചനാ ബോർഡുകളും ലൈറ്റുകളും സ്ഥാപിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു.
മൂന്നുമുക്ക് പൂവമ്പാറ ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ 15 -ാം തീയതി മുതൽ ഒൺവേ സംവിധാനം ഏർപ്പെടുത്തിയിരുന്നു. കൊല്ലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പാലസ് റോഡിലൂടെ കൊല്ലമ്പുഴ മേൽപ്പാലം നിലകൊള്ളുന്ന ഭാഗത്തൂടെ വേണം കടന്നുപോകാൻ. അമിത ഉയരമുള്ള കണ്ടെയ്നർ ലോറികൾ പാലത്തിൽ തട്ടി പാലത്തിന് ഗുരുതരമായ കേടുപാടുകൾ ഉണ്ടാകുന്നുണ്ട്. ഈ പ്രദേശത്ത് സ്ട്രീറ്റ് ലൈറ്റുകളൊ സൂചന ബോർഡുകളോ ഇല്ലാത്തതിനാലും അപകടത്തിന്റെ തീവ്രത വർദ്ധിക്കുന്നു. അനാവശ്യമായി സ്വകാര്യ ബസുകളുടെ അമിത വേഗവും ഏറെ വെല്ലുവിളി ഉയർത്തുന്നു. ഈ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഡി.വൈ.എഫ്.ഐ ബ്ലോക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സംഗീതിന്റെ നേതൃത്വത്തിൽ ചെയർമാന് നിവേദനം നൽകിയത്. വലിയ വാഹനങ്ങൾ ഇതുവഴി കടത്തിവിടാതിരിക്കുന്നതിന് വേണ്ടിയുള്ള അടിയന്തിര ഇടപെടൽ പി.ഡബ്ലിയു.ഡി യും പോലീസും, മോട്ടോർവാഹന വകുപ്പുമായും കൂടി ആലോചിച്ച് നടത്തുമെന്ന് ചെയർമാൻ അറിയിച്ചു.
ഡി.വൈ.എഫ്.ഐ നേതാക്കളായ അജിൻപ്രഭ, വിനീത്, മിഥുൻ, ശ്യാം തുടങ്ങിയവർ പങ്കെടുത്തു.