കാട്ടാക്കട : കാട്ടാക്കട താലൂക്കിന് അഭിമാനമായി വീരണകാവ് സ്വദേശി ഗോകുൽ സിവിൽ സർവീസ് പരീക്ഷയിൽ 804-ാം റാങ്ക് കരസ്ഥമാക്കി. ജന്മനാ അന്ധനായ ഗോകുലിന്റേത് ഏറെ തിളക്കമാർന്ന വിജയമാണ്. എൻ.സി.സി ഡയറക്‌ടറേറ്റിൽ ഉദ്യോഗസ്ഥനായ സുരേഷ് കുമാറിന്റെയും കോട്ടൺഹിൽ സ്‌കൂളിലെ ബയോളജി അദ്ധ്യാപികയായ ശോഭയുടെയും ഏക മകനാണ് ഗോകുൽ. തിരുവനന്തപുരത്തെ മാർ ഈവാനിയോസ് കോളേജിൽ നിന്നാണ് ഗോകുൽ ഇംഗ്ലീഷിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയത്. നിലവിൽ കേരള സർവകലാശാല ഇംഗ്ലീഷ് വിഭാഗത്തിൽ ഗവേഷക വിദ്യാർത്ഥിയാണ്.
