ആറ്റിങ്ങൽ : ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ ഇടത് വശത്തുകൂടി സ്വകാര്യ ബസ്സിനെ ഓവർടേക് ചെയ്യാൻ ശ്രമിക്കവേ ബൈക്ക് യാത്രികൻ ബസ്സിന്റെ മുൻഭാഗയത്തെ ടയറിൽ ഇടിച്ചു വീണു. അപകടത്തിൽ ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഇന്ന് രാവിലെ 9:41നാണ് സംഭവം.
ആറ്റിങ്ങലിൽ നിന്ന് വർക്കലയിലേക്ക് പോകുകയായിരുന്ന തിരുവാതിര ബസ്സിനെ ഇടത് വശത്തുകൂടി ബൈക്ക് യാത്രികൻ ഓവർടേക്ക് ചെയ്യുകയായിരുന്നു. തുടർന്ന് ബസ്സിന്റെ ഇടത് വശത്തെ മുന്നിലത്തെ ടയറിൽ ഇടിച്ചു. എന്നാൽ ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ബ്രേക്ക് പിടിച്ചതിനാൽ വൻ അപകടം ഒഴിവായി. ബൈക്ക് ബസ്സിന്റെ അടിയിലേക്ക് കയറിയെങ്കിലും യാത്രക്കാരൻ രക്ഷപെട്ടു. പൊലീസ് സ്ഥലത്തെത്തി തുടർന്ന് സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ ബൈക്ക് യാത്രികന്റെ ഭാഗത്താണ് തെറ്റ് എന്ന് മനസ്സിലായി. അപകടത്തെ തുടർന്ന് അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ബസ്സിന്റെ ഒരു ട്രിപ്പ് മുടങ്ങിയ പൈസ നഷ്ടപരിഹാരമായി വേണമെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് സ്റ്റേഷനിൽ വെച്ച് ഒത്തുതീർപ്പാക്കി വിടുകയായിരുന്നു. ഹെൽമെറ്റ് പോലും ധരിക്കാതെയാണ് ബൈക്ക് യാത്രികൻ വന്ന് ഇടിച്ചതെന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്നും നാട്ടുകാർ പറയുന്നു.