ചിറയിൻകീഴ്: ശരീരത്തിൻ്റെ ചലനശേഷി പൂർണമായും നഷ്ടപ്പെട്ടവർക്കായി ശബ്ദനിയന്ത്രണത്തിലൂടെ പ്രവർത്തിപ്പിക്കാൻ കഴിയുന്ന വീൽചെയർ വികസിപ്പിച്ചെടുത്തിരിക്കുകയാണ് മുസലിയാർ എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗം വിദ്യാർത്ഥികളായ രമ്യാ രാജും സംഘവും.അവസാന വർഷ പ്രോജക്ടിൻ്റെ ഭാഗമായാണ് വോയ്‌സ് കൺട്രോൾഡ് വീൽചെയർ വികസിപ്പിച്ചെടുത്തത്.ഇലക്ട്രിക്കൽ വിഭാഗം മേധാവി പ്രൊഫസർ.ഷിമി മോഹൻ,അസി.പ്രൊഫസർ സബിത എന്നിവരുടെ മേൽനോട്ടത്തിൽ രമ്യാ രാജു,പൂജ,ആർഷ,രുഗ്മ മനോജ് എന്നിവരാണ് ഈ പ്രോജക്ട് വികസിപ്പിച്ചെടുത്തത്.രോഗികൾക്കുള്ള സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചു കൊണ്ടാണ് വീൽചെയറിൻ്റെ നിർമാണം.ഭാവിയിൽ സംസാരശേഷി ഇല്ലാത്തവർക്കിയി മൊബൈൽ ആപ്ലിക്കേഷൻ വഴി പ്രവർത്തിപ്പിക്കുവാൻ കഴിയുന്ന സാങ്കേതിക വിദ്യ കൂട്ടിച്ചേർക്കുവാൻ കഴിയും.നേരത്തെ ആട്ടോമറ്റിക് ഹാൻഡ് സാനിട്ടൈസറും ആട്ടോമറ്റിക് മാസ്ക് ഡിസ്പോസറും കേരള സാങ്കേതിക സർവ്വകലാശാലയുടെ കോവിഡ് സെല്ലിലേക്ക് പദ്ധതി സമർപ്പിക്കുകയും വികസിപ്പിച്ചെടുത്ത പ്രോഡക്ടുകൾ കൊല്ലം എഴുകോൺ ഇ.എസ്.ഐ ആശുപത്രിയിലേക്ക് നൽകിയതും മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വീൽചെയർ വാണിജ്യ അടിസ്ഥാനത്തിൽ ഏഴായിരം രൂപ നിരക്കിൽ ഉൽപാദിപ്പിക്കുവാൻ കഴിയുമെന്നും ഇതിന്റെ ലാഭവിഹിതം ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നും വിദ്യാർത്ഥികൾ പറയുന്നു.
