ചിറയിൻകീഴ്: പ്രഭാതസവാരിക്കിറങ്ങിയ വയോധികന്റെ നാലുപവന്റെ മാല പൊട്ടിച്ചോടിയ അക്രമിയെ ചിറയിൻകീഴ് പോലീസ് അറസ്റ്റുചെയ്തു. പെരുങ്ങുഴി നാലുമുക്ക് സോജാലയം വീട്ടിൽ സോമൻ (72) ന്റെ മാലയാണ് പ്രദേശവാസിയും നിരവധി കേസിലെ പ്രതിയുമായിരുന്ന പെരുങ്ങുഴി ഇടഞ്ഞുംമൂല ആർ.സി. നിവാസിൽ മുരളി (45) പൊട്ടിച്ചോടിയത്. വ്യാഴാഴ്ച രാവിലെ 5.45-ന് പെരുങ്ങുഴി നാലുമുക്കിലാണ് സംഭവം.
കാലിൽ മുറിവുള്ളതിനാൽ സോമന് ഓടാൻ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് മുരളി മോഷണം ആസൂത്രണം ചെയ്തത്. സോമനെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയശേഷമാണ് ഇയാൾ മാലപൊട്ടിച്ചെടുത്തത്. ഇരുവരും തമ്മിലുളള പിടിവലിക്കിടയിൽ മാലയുടെ മൂന്നരപ്പവനോളം വരുന്ന ഒരുഭാഗം അക്രമി പൊട്ടിച്ചെടുത്തു. അര പവനോളം സോമന്റെ െെകയിലും കിട്ടിയതായി പോലീസ് പറഞ്ഞു. മുമ്പ് പെരുങ്കുഴി സ്വദേശിയായ സ്ത്രീയുടെ മാലപൊട്ടിച്ചെടുത്ത കേസിലെ പ്രതിയാണ് മുരളിയെന്ന് എസ്.ഐ. പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.