കല്ലമ്പലം: തോട്ടയ്ക്കാട് സ്വദേശിയായ കോൺട്രാക്ടറെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ. കരവാരം പുല്ലൂർമുക്ക് തെക്കേവീട്ടിൽ റീബു (39) ആണ് അറസ്റ്റിലായത്. 50000 രൂപ ആവശ്യപ്പെട്ടത് നൽകാത്തതിന്റെ പേരിൽ സുഹൃത്തിന്റെ വീട്ടിൽ സംസാരിച്ചുകൊണ്ടിരുന്ന കോൺട്രാക്ടറെ റീബു, മാവിൻമൂട് സ്വദേശികളായ മറ്റു കൂട്ടു പ്രതികൾ അടങ്ങിയ സംഘം കാറോടുകൂടി തട്ടികൊണ്ടുപോയി ദേഹോപദ്രവം എൽപ്പിക്കുകയായിരുന്നു. 10000 രൂപയും രണ്ടു വെള്ളി മോതിരവും ഫോണുമുൾപ്പെടെ കൈക്കലാക്കിയ ശേഷം കാർ പണയം വയ്ക്കാൻ ശ്രമിക്കുകയും അത് നടക്കാത്തതിനാൽ അടിച്ചുപൊട്ടിക്കുകയുമായിരുന്നു. സംഭവശേഷം ഒളിവിൽ പോയ പ്രതികളെ അന്വേഷിച്ചുവരവെയാണ് റീബു അറസ്റ്റിലായത്.
വിവധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതിയായ റീബു രണ്ടുതവണ ഗുണ്ടാ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുണ്ട്. ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിൽ കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഫറോസ്.ഐ, എസ്.ഐ ഗംഗാപ്രസാദ്, എ.എസ്.ഐമാരായ മഹേഷ്, സുരേഷ്, സി.പി.ഒമാരായ ഷാൻ, വിനോദ്, ഹോംഗാർഡ് അനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു. ഒളിവിലുള്ള മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു