ആറ്റിങ്ങൽ വലിയ കുന്ന് താലൂക്ക് ആശുപത്രിയിലെ മെറ്റേണിറ്റി ബ്ലോക്ക് നിർമ്മാണം ഓഗസ്റ്റിൽ തന്നെ ആരംഭിക്കുമെന്ന് അഡ്വ.ബി.സത്യൻ എം.എൽ.എ അറിയിച്ചു.3 കോടി 11 ലക്ഷം രൂപ മുടക്കിയാണ് മെറ്റേണിറ്റി ബ്ലോക്ക് നിർമ്മിക്കുക.ഇത് സംബന്ധിച്ച് വിളിച്ചു ചേർത്ത ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ആശുപത്രി വളപ്പിൽ നിന്നും കുറച്ച് മണ്ണ് നീക്കം ചെയ്യേണ്ടതുണ്ട്. ആറ്റിങ്ങൽ നഗരസഭ ലേലം നടത്തി മണ്ണ് നീക്കം ചെയ്യാൻ നടപടി സ്വീകരിക്കും. അഡ്വ.ബി.സത്യൻ എം.എൽ.എയുടെ ശ്രമഫലമായി നിർമ്മാണം ആരംഭിച്ച ഒ.പി., ഡയാലിസിസ് ബ്ലോക്കുകളുടെ നിർമ്മാണം അതി വേഗതയിൽ പുരോഗമിച്ചു വരുന്നു. ആശുപത്രിയുടെ മുഖഛായ മാറുന്ന തരത്തിലുള്ള വികസനമാണ് ഇതിലൂടെ സാധ്യമാകുക.അഡ്വ.ബി.സത്യൻഎം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭാ ചെയർമാൻ എം.പ്രദീപ്, സെക്രട്ടറി വിശ്വനാഥൻ, ആശുപത്രി സൂപ്രണ്ട് ഡോ.ജസ്റ്റിൻ ജോസ്, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ വി.സന്തോഷ് മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
