ആലംകോട് : ആലംകോട് വഞ്ചിയൂരിൽ പട്ടാപകൽ വീടിന്റെ വാതിൽ പൊളിച്ച് മോഷണം. 20 പവനും ഒരു ലക്ഷം രൂപയും നഷ്ടമായി. വഞ്ചിയൂർ മാർക്കനടുത്ത് ആര്യ ഭവനിൽ രാജേന്ദ്രന്റെ വീട്ടിലാണ് ഇന്ന് രാവിലെ മോഷണം നടന്നത്. രാവിലെ 10 മണിയോടെ രാജേന്ദ്രനും കുടുംബവും നെടുമങ്ങാട് ബന്ധുവീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെ തിരിച്ചു വീട്ടിലെത്തി. അപ്പോഴാണ് വീടിന്റെ അവസ്ഥ കണ്ട് ഞെട്ടുന്നത്. വീടിന്റെ പുറകുവശത്തെ വാതിൽ താബൂക്ക് കട്ട കൊണ്ട് ഇടിച്ചപൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. എല്ലാം വാരി വലിച്ചിട്ട നിലയിലാണ് കണ്ടത്. വീട്ടിൽ നിന്ന് 20 പവൻ സ്വർണവും ഒരു ലക്ഷം രൂപയും നഷ്ടമായെന്നാണ് പ്രാഥമിക വിവരം. കിളിമാനൂർ കുറവൻകുഴിയിൽ ടയർ കട നടത്തുന്നയാളാണ് രാജേന്ദ്രൻ. ജോലിക്കാർക്ക് ശമ്പളവും ഓണത്തിനുള്ള ബോണസും നൽകാൻ വെച്ചിരുന്ന പണമാണ് നഷ്ടമായതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ നഗരൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
