ചിറയിൻകീഴ് : പതിറ്റാണ്ടുകളായി പാലിയേറ്റിവ് ചികിത്സയിൽ കഴിയുന്നവരെ നേരിൽ കണ്ട് പരിചരണ കാര്യങ്ങൾ അന്വേഷിക്കാനും സാന്ത്വനപ്പെടുത്താനുമായി ചിറയിൻകീഴ്ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ.സുഭാഷ്നേതൃത്വം നൽകുന്ന സാന്ത്വന യാത്ര ആരംഭിച്ചു.
ചിറയിൻകീഴ് പഞ്ചായത്തിലെ പണ്ടകശാല പുത്തൻകോട്ട വീട്ടിലെ 82 വയസ്സുള്ള അംബുജാക്ഷിയമ്മയുടെ വീട്ടിൽ നിന്നാണ് രാവിലെ തുടക്കം കുറിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ഡീന, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ ആർ.സരിത തുടങ്ങിയവരും പങ്കെടുത്തു.
നാളെ കിഴുവിലം പഞ്ചായത്തിലെ കടുവയിൽ അശ്വതി ഭവനിൽ 80 വയസ്സുള്ള അപ്പുക്കുട്ടൻ്റെ വീട്ടിൽ സമാപിക്കും അവശതയിലും കഷ്ടപാടിലുമായവർക്ക് മടങ്ങാൻ നേരം ഓണക്കോടിയും ഓണകിറ്റും പ്രസിഡൻ്റ്നൽകും.കഴിഞ്ഞ നാലു വർഷം കൊണ്ടു മുടങ്ങാതെ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന പരിപാടിയാണ് സാന്ത്വന യാത്ര. പ്രസിഡൻറിനോടൊപ്പം ബ്ലോക്ക്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ ചിറയിൻകീഴ് താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.ശബ്ന ഡി.എസ്, പാലിയേറ്റീവ് നഴ്സ് മാരായ മഞ്ചു ബിജു, നീതു സുനിൽ ,ഫിസിയോ തെറാപ്പിസ്റ്റ് ദീപു .ജി, അരുൺ ജെഎസ് എന്നിവരും അനുഗമിക്കും.
ഒരുമാസം മുതൽ കാൽ നൂറ്റാണ്ടു വരെ ഒരേ കിടപ്പിൽ കഴിയുന്നവരുണ്ട്. തിരിഞ്ഞും പിരിഞ്ഞും തൊലിപുറങ്ങൾ അടർന്നും ചുരുണ്ടുകൂടിയും ഒരു അനക്കം മാത്രമുള്ള വരുമാണ് ഏറെയും. അവശതയറിഞ്ഞ് ഉപേക്ഷിച്ചു പോയവർ ,ഒരു ഗ്ലാസ് വെള്ളമോ മരുന്നുകളോ സമയത്ത് എടുത്തു നൽകാൻ ആളില്ലാത്തവർ ,പരിചരിക്കാൻ നില്ക്കുന്നതുമൂലം ജോലിയ്ക്കു പോകുവാൻ കഴിയാതെ വരുമാനമില്ലാതെ ബുദ്ധിമുട്ടുന്നവർ, പരിചരിച്ചു തളർന്നവർ, ഉപേക്ഷിച്ചു കടന്നു കളഞ്ഞവർ, പരിചരിക്കാൻ നിന്നവർ രോഗികളായവർ അങ്ങനെ പോകുന്നു ഓരോ വീടുകളും കടന്നു പോകുമ്പോൾ.
ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിധിയിലെ 6 പഞ്ചായത്തുകളിലായി 2561 പേരാണ് പാലിയേറ്റീവ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് .ഇതിൽ 1344 പേരെ എല്ലാ മാസങ്ങളിലും ഡോക്ടർമാരും നഴ്‌സുമാരുമടങ്ങുന്ന സംഘം വീടുകളിലെത്തി പരിശോധിക്കും. ബാക്കിയുള്ളവർക്ക് മരുന്നുകളെത്തിയ്ക്കും.365 പേരാണ് സെക്കൻററി തലത്തിൽ ചികിത്സ വേണ്ടുന്നവർ. ചിറയിൻകീഴ് – 430, (സെക്കൻ്ററി തലത്തിൽ 30 ), കടയ്ക്കാവൂർ – 200 (40 സെക്കൻ്ററി തലത്തിൽ) മുദാക്കൽ – 730 (30 സെക്കൻ്ററി തലത്തിൽ) വക്കം 382 ( സെക്കൻ്ററി തലം (40 സെക്കൻ്ററി തലം) അഞ്ചുതെങ്-419. (150 സെക്കൻ്ററി തലം) കിഴുവിലം – 400 ( 35 സെക്കൻ്ററി തലത്തിൽ ) പ്രതിവർഷം ഒരു കോടിയോളം രൂപയാണ് ഇവരുടെ പരിചരണത്തിനായി മാറ്റി വയ്ക്കുന്നത്.
മരുന്നുകൾ ഉപകരണങ്ങൾ, ക്ഷേമ പ്രവർത്തനങ്ങൾ, ജീവനക്കാരുടെ ശമ്പളം എന്നിവകൾക്കാണ് ഇത്രയും തുകയില വിടുന്നത്.അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ വേറെയും. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വക്കത്തും ചിറയിൻകീഴ് താലൂക്കാശുപത്രിയിലും പാലിയേറ്റീവ് വാർഡുകളും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ ആധുനിക സജീകരണങ്ങളോടെ ഫിസിയോ തെറാപ്പിക്സെൻ്ററും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. സെക്കൻ്ററി തലത്തിലുള്ള പരിചരണത്തിനായി പാലിയേറ്റീവ് നഴ്സ്മാരായി മഞ്ചുബിജു, രമ്യ, സ്വപ്ന ഫിസിയോ തെറാപ്പിസ്റ്റുകളായ ദീപു .ജി, കിജിൻ ദേവ് ,ലക്ഷ്മി എന്നിവരും പഞ്ചായത്തുതലങ്ങളിലെ പരിചരണത്തിനായി പാലിയേറ്റീവ് നഴ്സ് മാരായി സിസ്റ്റർ ലൂസി (അഞ്ചുതെങ്ങ്) നീതു സുനിൽ (താലൂക്കാശുപത്രി) രേശ്മ (പെരുമാതുറ) ഷീബ (വക്കം) വി ജയലക്ഷ്മി (കടയ്ക്കാവൂർ) രേണു (കിഴുവിലം) സുജ (മുദാക്കൽ) എന്നിവരാണ്. എ.സമ്പത്ത് എം.പി. ആയിരുന്നപ്പോൾ ഓരോ പഞ്ചായത്തിലേയും പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി ആംബുലൻസുകൾ നൽകിയിരുന്നു.