വിതുര :പൊന്മുടിയിൽ ഫോറസ്റ്റ് ചെക്ക് പോസ്റ്റ് തകർത്ത് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. വിനോദ സഞ്ചാരം നിരോധിച്ച പൊന്മുടിയിൽ മദ്യ ലഹരിയിൽ ചെക്ക് പോസ്റ്റ് ഇടിച്ചു തകർക്കുകയും തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതികൾ ആണ് അറസ്റ്റിലായത്. ആറ്റിപ്ര വലിയവേളി എസ്.എസ് ഭവനിൽ സാജൻ കുമാർ (34), ആറ്റിപ്ര പള്ളിത്തുറ സൗത്തിൽ തുമ്പ വി.എസ്.എസ്.സി കോളനി ക്വാർട്ടേഴ്സ് നമ്പർ C.30 ൽ അനീഷ് (32), ആറ്റിപ്ര വലിയവേളി പുഷ്പവിലാസം വീട്ടിൽ സോളമൻ (36) എന്നിവരെയാണ് വിതുര പോലിസ് ഇൻസ്‌പെക്ടർ എസ്. ശ്രീജിത്ത്, സബ് ഇൻസ്‌പെക്ടർ എസ്. എൽ സുധീഷ്, എസ്.സി.പി.ഒമാരായ പ്രദീപ്, ബിജു എന്നിവർ ഉൾപ്പെട്ട സംഘം അറസ്റ്റ് ചെയ്തത്.
കോവിഡ് -19 നെ തുടർന്ന് പൊന്മുടിയിൽ ഏതാനം മാസങ്ങൾ ആയി വിനോദ സഞ്ചാരം നിരോധിച്ചിരുന്നു. സ്ഥലത്തെത്തിയ പ്രതികളെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വിവരം അറിയിച്ചെങ്കിലും മദ്യ ലഹരിയിൽ ആയിരുന്ന ഇവർ ചെക്ക് പോസ്റ്റ് വാഹനം കൊണ്ട് ഇടിച്ചു തകർത്ത് പ്രവേശിക്കാൻ ശ്രമിക്കുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു