വർക്കല: റഷ്യൻ സ്വദേശിനി സിനാടിയ സിമോളലിന(69)യെ കാണാനില്ലെന്നു പരാതിയുമായി മകൾ എലീന(46) വർക്കല പൊലീസിനെ സമീപിച്ചു മണിക്കൂറുകൾക്കകം പുത്തൻചന്തയിൽ കണ്ടെത്തി. പാപനാശം റോഡിലെ റിസോർട്ടിൽ താമസിക്കവേയാണ് വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിയോടെ അമ്മയെ കാണാതായതെന്നു മകൾ അറിയുന്നത്.തുടർന്നു പരിസരവാസികളുടെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഇന്നലെ രാവിലെ വർക്കല പൊലീസിൽ പരാതി നല്കി.
സിനാടിയയെ വർക്കല മൈതാനത്തും അടുത്തുള്ള റെയിൽവേ അടിപാത വഴിയും നടന്നു പോകുന്നതായി വിവരം ലഭിച്ചതിനെ തുടർന്നു തിരച്ചിൽ ഊർജ്ജിതമാക്കുന്നതിനിടെയാണ് പൊലീസ് സ്റ്റേഷനിൽ നിന്നു അരകിലോമീറ്റർ ദൂരെയുള്ള പുത്തൻചന്ത ജംക്‌ഷനിലെ ബസ് വെയിറ്റിങ്ങ് ഷെഡിൽ ഇവർ കിടക്കുന്നതായി ചിലർ കണ്ടത്. നേരത്തെ വർക്കല ഉൾപ്പെടെ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശിച്ച ഇരുവരും കഴിഞ്ഞ ദിവസമാണ് മൂന്നാറിൽ നിന്നു വർക്കലയിലെത്തിയത്.
മൂന്നാറിൽ വച്ചു ഏതാനും മണിക്കൂറുകൾ അമ്മയെ ‘മിസ്സായതായി’ എലീന പറഞ്ഞു. അമ്മയുടെ വെയ്പു പല്ലു സെറ്റിന്റെ ഒരു ഭാഗം ഇതിനിടയിൽ കാണാതായതിനെ തുടർന്നു സഹായിയുമായി പുത്തൻചന്ത ബസ് സ്റ്റാൻഡ് പരിസത്ത് രാത്രി തിരച്ചിൽ നടത്തുന്ന തിരക്കിലായിരുന്നു എലീന. മോസ്കോയിൽ ആർക്കിടെക്റ്റായ എലീന 31നു അമ്മയോടൊപ്പം റഷ്യയിലേക്ക് മടങ്ങും.