കടയ്ക്കാവൂർ : ഓഗസ്റ്റ് 28ന് അനധികൃതമായി കുന്നിടിച്ചെന്ന് കാണിച്ച് കടയ്ക്കാവൂർ പോലീസ് പിടികൂടിയ ജെസിബി ഓഗസ്റ്റ് 29ന് ഒരു മണിക്കൂറിലധികം സ്റ്റേഷനിൽ ഉപയോഗിച്ചെന്ന് പരാതി. ജേസിബി ഉടമ മണനാക്ക് സ്വദേശി റിയാസ് ആണ് തന്റെ ജെസിബി പോലീസ് സ്റ്റേഷൻ വൃത്തിയാക്കാൻ ഉപയോഗിച്ചെന്ന പരാതിയുമായി രംഗത്തു വന്നത്. തന്റെ ജെസിബി പോലീസ് പിടികൂടിയെങ്കിൽ അത് തുടർ നടപടി സ്വീകരിക്കണം, അല്ലാതെ തന്റെ അനുമതിയില്ലാതെ പുറത്ത് നിന്ന് ഒരാളെ കൊണ്ടുവന്നു സ്റ്റേഷൻ പരിസരം വൃത്തിയാക്കാൻ പൊലീസിന് അധികാരമില്ലെന്നും അങ്ങനെ പോലീസ് ഉപയോഗിച്ചതിന് തന്റെ പക്കൽ തെളിവ് ഉണ്ടെന്നും റിയാസ് പറഞ്ഞു. സംഭവത്തിൽ ഡിവൈഎസ്പി ഉൾപ്പടെയുള്ള മേലുദ്യോഗസ്ഥർക്ക് പരാതി നൽകുന്നതായും റിയാസ് അറിയിച്ചു.
എന്നാൽ റിയാസിന്റെ ജെസിബി ഉപയോഗിച്ചല്ല സ്റ്റേഷൻ വൃത്തിയാക്കിയതെന്നും കവലയൂർ ഭാഗത്ത് നിന്നുള്ള ഹിറ്റാച്ചി വിളിച്ചാണ് സ്റ്റേഷൻ പരിസരം വൃത്തിയാക്കിയതെന്നും കടയ്ക്കാവൂർ പോലീസ് പറഞ്ഞു.