ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയുടെയും സായിഗ്രാമിന്റെയും സംയുക്ത സംരംഭമായ വലിയകുന്ന് താലൂക്കാശുപത്രിയിലെ സൗജന്യ ഡയാലിസിസ് യൂണിറ്റിന്റെ രണ്ടാം ഘട്ട പ്രവർത്തനോദ്ഘാടനമാണ് ഓൺലൈൻ ശബ്ദ സന്ദേശത്തിലൂടെ മമ്മൂട്ടി നിർവ്വഹിച്ചത്. ഇന്ന് മമ്മൂട്ടിയുടെ പിറന്നാൾ ആണെന്ന പ്രത്യേകത കൂടിയുണ്ട്.
അഡ്വ.ബി.സത്യൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് സ്വാഗതം ആശംസിച്ചു. സായിഗ്രാം ഡയറക്ടർ ബോഡ് അംഗം ശ്രീകാന്ത്, വൈസ് ചെയർപേഴ്സൺ ആർ.എസ്.രേഖ, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു, ആശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിൻ ജോസ്, നഗരസഭാ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
കഴിഞ്ഞ ഒക്ടോബർ മാസത്തിൽ പ്രവർത്തനം ആരംഭിച്ച ഈ കേന്ദ്രം മുഖേന ഇതുവരെ പതിനായിരത്തോളം ഡയാലിസിസ് നടത്തിയിട്ടുണ്ട്. രണ്ടാം ഘട്ടം ആരംഭിക്കുന്നതോടു കൂടി പത്ത് പേർക്ക് കൂടി സൗജന്യമായി ഡയാലിസിസ് നടത്തുവാൻ കഴിയും. ഒരു കോടി നാൽപ്പത്തിരണ്ട് ലക്ഷം രൂപയാണ് ഈ പദ്ധതിക്ക് ചെലവാക്കിയത്. കഴിഞ്ഞ 5 വർഷത്തിനിടയിൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ നഗരസഭയുടെയും സർക്കാരിന്റെയും നിരവധി പദ്ധതികൾക്കാണ് തുടക്കം കുറിച്ചത്.
സൗജന്യ ഡയാലിസിസ് യൂണിറ്റിന് പുറമെ ആർദ്രം പദ്ധതിയുടെ ഭാഗമായിട്ടുള്ള ഡയാലിസിസ് യൂണിറ്റിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. പുതിയ ഒപി ബ്ലോക്ക്, നേത്രരോഗ വിഭാഗം, വനിതാ ക്യാന്റിൻ എന്നിവയുടെ നിർമ്മാണവും നടന്നു വരുന്നു. ഡിജിറ്റൽ എക്സ്റേ യൂണിറ്റ് മാസങ്ങൾക്ക് മുമ്പേ ഇവിടെ പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞു. പുതിയ പ്രസവ വാർഡിന്റെ കെട്ടിട നിർമ്മാണം ഈ മാസം ആരംഭിക്കും. ഈ കാലഘട്ടത്തിനുള്ളിൽ പതിനഞ്ച് കോടിയോളം രൂപയുടെ വിവിധ പദ്ധതികൾക്കാണ് വലിയകുന്ന് താലൂക്കാശുപത്രിയിൽ തുടക്കമായത്.