വർക്കല: വിവിധ സ്‌കൂളുകളിലേക്കുള്ള റോഡുകളിൽ ഇരുചക്രവാഹനങ്ങളുടെ ചീറിപ്പായലും പൂവാലശല്യവും. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായി മാറി. വർക്കല-എസ്.എൻ.കോളേജ്, വർക്കല ക്ഷേത്രം, താഴെവെട്ടൂർ, പാലച്ചിറ-എസ്.എൻ.കോളേജ് എന്നീ റോഡുകളിലാണ് രാവിലെയും വൈകീട്ടും അമിതവേഗതയിലെത്തുന്ന ബൈക്കുകൾ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്. മൂന്നുപേരുമായി ബൈക്കിൽ പെൺകുട്ടികൾക്കിടയിലൂടെ വെട്ടിച്ചും തിരിച്ചും അപകടമുണ്ടാക്കുന്ന രീതിയിലാണ് പൂവാലന്മാരുടെ സഞ്ചാരം. ഇവരെ ഭയന്നാണ് വിദ്യാർഥിനികൾ സഞ്ചരിക്കേണ്ടത്. പരീക്ഷാക്കാലമായിട്ടും പൂവാലശല്യത്തിന് കുറവില്ല.
ശരീരത്തിൽ തട്ടുന്നവിധം ബൈക്കോടിക്കുക, അശ്ലീലം പറയുക, പ്രണയാഭ്യർഥന നടത്തുക, മൊബൈൽ ഫോണിൽ ഫോട്ടോയെടുക്കുക എന്നിവയാണ് ഇവരുടെ പ്രധാന വിനോദങ്ങൾ. ആളൊഴിഞ്ഞ ഭാഗങ്ങളിലെത്തുമ്പോഴാണ് ഇത്തരം പ്രവൃത്തികൾ. അമിതവേഗത്തിലും ബഹളമുണ്ടാക്കിയുമുള്ള പൂവാലന്മാരുടെ യാത്ര മറ്റ് കാൽനടയാത്രക്കാർക്കും ശല്യമാണ്.
വെട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലേക്കുള്ള റോഡിലാണ് പൂവാലന്മാരുടെ ശല്യം ഏറെയുള്ളത്. ബസുകൾ കുറവായതിനാൽ വെട്ടൂർ സ്‌കൂളിലെ വിദ്യാർഥിനികൾ വർക്കലയിൽ നിന്നും തിരിച്ചും നടന്നാണ് പോകുന്നത്. ഇവരെ ശല്യപ്പെടുത്താനായി സ്ഥിരമായി ബൈക്കുകളിൽ കറങ്ങുന്ന പൂവാലന്മാരുണ്ട്. താഴെവെട്ടൂർ മുതൽ രാമന്തളിവരെയാണ് ബൈക്കുകളിൽ ഇവർ പെൺകുട്ടികളെ പിന്തുടരുന്നത്.
വർക്കല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലേക്കുള്ള റോഡിലും ക്ഷേത്രം റോഡിലും വള്ളക്കടവ് റോഡിലുമാണ് പൂവാലന്മാർ വിഹരിക്കുന്നത്. ശിവഗിരി കോളേജ് റോഡിലും ചീറിപ്പായുന്ന ബൈക്കുകൾ യാത്രക്കാർക്ക് ഭീഷണിയാണ്.
ലൈസൻസില്ലാതെ വാഹനം ഓടിക്കുന്ന കൗമാരക്കാർ വർക്കലയിൽ കൂടുതലാണ്. പല സ്‌കൂളുകളിലും പ്ലസ്ടു വിദ്യാർഥികൾ ബൈക്കുകളിലാണ് എത്തുന്നത്. 18 വയസ്സ് തികയാത്തവരും അമിതവേഗത്തിലാണ് നിരത്തിലിറങ്ങുന്നത്. ചീറിപ്പായുന്ന ബൈക്കുകൾ പിൻതുടർന്ന് അപകടങ്ങളുണ്ടാക്കാൻ പോലീസ് ശ്രമിക്കാറില്ല. സ്‌കൂൾ റോഡുകളിൽ വാഹന പരിശോധനയും കുറവാണ്. വർക്കല നഗരത്തിലെ സി.സി.ടി.വി. ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ച് അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവരെ കണ്ടെത്തി നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്