ആറ്റിങ്ങൽ : ആറ്റിങ്ങലിൽ 500 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ മുഖ്യ പ്രതി ചിറയിൻകീഴ് സ്വദേശി പിടിയിൽ. അഴൂർ, മുട്ടപ്പലം, അഭയ വില്ലയിൽ ജയൻ എന്ന് വിളിക്കുന്ന ജയചന്ദ്രൻ നായരാണ് പിടിയിലായത്. വഞ്ചിയൂർ സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിൽ അന്വേഷണ സംഘം പ്രതിയെ ചോദ്യം ചെയ്ത് വരുകയാണ്.
സെപ്റ്റംബർ 6ന് ആറ്റിങ്ങൽ കോരാണിയിൽ നിന്ന് 20 കോടി രൂപ വിലവരുന്ന അഞ്ഞൂറ് കിലോ കഞ്ചാവ് പിടിച്ചതിനു പിന്നാലെയാണ് എക്‌സൈസ് അന്വേഷണം ഊർജിതമാക്കിയത്. ഹൈദരാബാദ്, ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് വലിയ തോതിൽ കഞ്ചാവെത്തുന്നുവെന്നാണ് കണ്ടെത്തൽ.കേരളത്തിലേക്ക് കഞ്ചാവ് അയക്കുന്നത് രാജു ഭായ് എന്ന പഞ്ചാബ് സ്വദേശിയാണ്. ഇയാൾ ഹൈദ്രാബാദ് കേന്ദ്രീകരിച്ചാണ് കച്ചവടം നടത്തുന്നത്.
https://www.facebook.com/153460668635196/posts/658776554770269/
കേരളത്തിൽ ഇടപാടിന് മേൽനോട്ടം വഹിക്കുന്നത് തൃശൂർ സ്വദേശി സെബുവാണ്. ഇയാളാണ് കേരളത്തിലെ ഏജന്റുമാരിൽ നിന്നും പണം പിരിച്ച് രാജു ഭായിയിലേക്ക് എത്തിക്കുന്നത്. തിരുവനന്തപുരത്തെ ഏജന്റുമാർ വടകര സ്വദേശി ആബേഷ്, ചിറയിൻകീഴ് സ്വദേശി ജയൻ എന്നിവരാണെന്ന് എക്സൈസ് നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ ജയചന്ദ്രൻ പിടിയിലായത്.