വർക്കല : വർക്കല താലൂക്ക് ആശുപത്രിയിൽ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഒപി ബ്ലോക്ക് ഉണ്ടായിട്ടും സൂപ്രണ്ടിന്റെ പരിഷ്‌കാരം നടപ്പിലാക്കാൻ പൊതു ജനങ്ങൾ വെയിലത്ത് നിൽക്കണമെന്ന് ആക്ഷേപം. 2009 -2010 പദ്ധതിയിൽ സമ്പത്ത് എംപിയുടെ ഫണ്ടിൽ നിർമ്മിച്ച അത്യാധുനിക സൗകര്യങ്ങൾ ഉള്ള ഒപി ബ്ലോക്ക് ഉണ്ടായിട്ടും സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള രോഗികൾ വെയിലത്ത് നിൽക്കണം. സംസ്ഥാനത്ത് സൂര്യാഘാത മരണങ്ങൾ തുടരുമ്പോൾ ഒരു ആശുപത്രി തന്നെ അപകട ഭീതിയായാൽ രോഗികൾ എന്ത് ചെയ്യും. രോഗികൾക്ക് വെയിലേൽക്കാതെ നിക്കാനുള്ള സംവിധാനം ഒരുക്കി തയ്യാറാക്കിയ ഒപി ബ്ലോക്ക് വേണ്ട പുറത്ത് ജനങ്ങളെ വെയിൽപ്പിച്ച് നിന്നുള്ള ഒപി മതിയെന്നാണ് ഇവിടത്തെ സൂപ്രണ്ടിന്റെ മനോഭാവം എന്നാണ് രോഗികൾ പറയുന്നത്. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ഉച്ചയ്ക്ക് 11 മണി മുതൽ വെയിലേൽക്കാതെ വിശ്രമം എടുക്കണമെന്ന് പറയുമ്പോൾ ഇവിടെ ഇതൊന്നും ബാധകമല്ല. അധികാര ദുര്വിനിയോഗമാണ് ഇവിടെ നടക്കുന്നതെന്നും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന സുപ്രണ്ടിനെതിരെ നടപടി എടുക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.