നെടുമങ്ങാട്: നടിമാരുടെയും വനിതാ അവതാരകരുടെയും മോർഫ് ചെയ്ത ചിത്രങ്ങളും ദൃശ്യങ്ങളും അശ്ലീല വെബ്‌സൈറ്റിൽ പ്രചരിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് വീടിനു പുറത്തിറങ്ങിയിട്ട് ഏഴു വർഷം. അടച്ച മുറിയിൽ എപ്പോഴും മൊബൈൽ ഫോണിൽ സല്ലപിക്കുന്ന കരിപ്പൂര് മല്ലമ്പ്രക്കോണം, നെട്ടറക്കോണം ഷീജാ ഭവനിൽ സൂരജ് ദിനേഷിന്റെ (25) അറസ്റ്റിൽ പകച്ചിരിക്കുകയാണ് വീട്ടുകാരും നാട്ടുകാരും. കുളിയില്ല, ഭക്ഷണമില്ല, രക്ഷാകർത്താക്കളോടൊ സഹോദരനോടോ സംസാരമില്ല. മൊബൈൽ ഫോണിൽ നെറ്റ് ചാർജ് ചെയ്യാൻ താമസിച്ചാൽ മാത്രം ഒച്ചയെടുക്കും. ചാർജ് ചെയ്യും വരെ അക്രമാസക്തനാകും. പിടിയിലാവുമ്പോൾ ഭക്ഷണം കഴിച്ചിട്ട് മൂന്നും, കുളിച്ചിട്ട് ഒമ്പതും ദിവസം കഴിഞ്ഞെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇന്റർനെറ്റിൽ നിന്ന് ചിത്രങ്ങളെടുത്ത ശേഷം അശ്ലീല വീഡിയോയും ഫോട്ടോയും ഓഡിയോയും എഡിറ്റ് ചെയ്ത് ചേർക്കും. വീഡിയോ എഡിറ്റ് ചെയ്യുന്നതും സൂരജാണെന്ന് പൊലീസ് പറയുന്നു. അപമാനം ഭയന്ന് നിരവധിപേർ പണം നല്കിയെന്നും 35 സിനിമ, സീരിയൽ താരങ്ങൾ വലയിൽ കുരുങ്ങിയിട്ടുണ്ടെന്നുമാണ് കണ്ടെത്തൽ. തിരുവനന്തപുരത്തെ പ്രമുഖ നടി നല്കിയ പരാതിയിൽ സിറ്റി-റൂറൽ സൈബർ സെല്ലുകൾ നടത്തിയ അന്വേഷണത്തിൽ കരിപ്പൂരിലെ വീട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്.