ആര്യനാട് : ആര്യനാട് ജംഗ്ഷനിൽ സ്ത്രീയുടെ ബാഗ് പിടിച്ചുപറിച്ചുവെന്ന പരാതിയിൽ സിസിടീവി പരിശോധിച്ച് കുറ്റവാളിയെന്ന് ആരോപിച്ച് വീട്ടിൽ കയറി മഫ്തിയിൽ പട്ടികജാതി യുവാവിനെ പിടിച്ചിറക്കുകയും മർദ്ദിക്കുകയും ചെയ്തെന്ന് പരാതി. തുടർന്ന് പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായ സിസിടീവി പരിശോധനയിലും തിരിച്ചറിയൽ നടത്തുകയും ചെയ്തപ്പോൾ കുറ്റക്കാരൻ മറ്റൊരാളെന്ന് തിരിച്ചറിയുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മർദ്ദനമേറ്റ യുവാവ് മാനസികമായും ശാരീരികമായും തകർന്നതിനാൽ നെടുമങ്ങാട് താലുക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ആര്യനാട് സർക്കാർ ആശുപത്രിയിൽ അഡ്മറ്റ് ചെയ്ത് ചികിത്സയിലുമാണ്.
യാതൊരു തെളിവുമില്ലാത്ത ദളിത് ദരിദ്രകുടുംബാംഗമായ ആര്യനാട് പഴയതെരുവ് രാഹുൽ ഭവനിൽ രാഹുൽ( 18)നെ അകാരണമായി വീട്ടിൽ നിന്നും പിടിച്ചിറക്കി മർദിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് ഉന്നത പോലീസ് അധികാരികൾക്ക് പരാതി നൽകി.