വെഞ്ഞാറമൂട്: പണി പൂർത്തിയായി പ്രവർത്തന ഉദ്ഘാടനം നടന്നിട്ടും മീൻ വിൽപ്പനക്കായി തുറന്ന് കൊടുക്കാതെ വെഞ്ഞാറമൂട്ടിലെ ഹൈടെക് മത്സ്യ വില്പനകേന്ദ്രം. 2015ൽ നാഷണൽ ഫിഷറിസ് ഡെവലപ്മെന്റ് ബോർഡിന്റെ ഫണ്ടിൽ 237 ലക്ഷം രൂപ മുടക്കിയാണ് ഹൈജിനിക് മാർക്കറ്റ് പണിതത്. നിരവധി തവണ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും മാർക്കറ്റ് തുറന്നില്ല. നൂറോളം മീൻ വില്പനക്കാരാണ് ഇവിടെ കച്ചവടത്തിനായി എത്തുന്നത്. ചുട്ട് പൊള്ളുന്ന വേനലിൽ മീൻ കച്ചവടക്കാരും, മീൻ വാങ്ങാനായി എത്തുന്നവർക്കും തുറസായ സ്ഥലത്തിരുന്നാണിപ്പോൾ കച്ചവടം ചെയ്യുന്നത്. മാർക്കറ്റ് ലേലത്തിനെടുക്കാൻ ആളെത്താത്തിനാലാണ് അടഞ്ഞു കിടക്കുന്നതെന്ന് അധികൃതർ സൂചിപ്പിക്കുന്നു. എന്നാൽ പഞ്ചായത്ത് വയ്ക്കുന്ന ലേലത്തുകയ്ക്ക് ആരും എത്തില്ലെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു.