പാമാംകോട് കുന്നുവിളയ്ക്കുസമീപം വീട്ടിൽ അതിക്രമിച്ച് കയറി യുവാക്കളെ ആക്രമിച്ച കേസിൽ മൂന്നുപേരെ നേമം പോലീസ് അറസ്റ്റുചെയ്തു. കോലിയക്കോട് കീഴത്തിൽ വീട്ടിൽ ജ്യോതിഷ് കുമാർ (25), പൂഴിക്കുന്ന് അച്ചുഭവനിൽ പ്രവീൺ (33), തിരുമല മണലിയത്തിൻകര വീട്ടിൽ വിഷ്ണു (24) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 20-ന് ബൈക്കിലെത്തിയ സംഘം യുവാക്കളെ കത്തിയും വടികളും ഉപയോഗിച്ച് പരിക്കേല്പിച്ചതെന്നാണ് കേസ്. കഞ്ചാവ് ഉപയോഗിക്കുന്ന പ്രതികൾ മുൻ വൈരാഗ്യം കാരണമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പിടിയിലായവർക്ക് വിവിധ സ്റ്റേഷനുകളിൽ വേറെയും കേസുകളുണ്ട്.
സിറ്റി പോലീസ് കമ്മിഷണർ സഞ്ജയ്കുമാർ ഗുരുദിന്റെയും ഡി.സി.പി. ആർ.ആദിത്യയുടെയും നിർദേശപ്രകാരം ഫോർട്ട് എ.സി. പ്രതാപൻ നായർ, നേമം ഇൻസ്‌പെക്ടർ സാജുജോർജ്, എസ്.ഐ. അനീഷ്, എ.എസ്.ഐ. മുഹമദ് അലി, സി.പി.ഒ.മാരായ ബിമൽ മിത്ര, ഗിരി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.