നാവായിക്കുളം : നാവായിക്കുളം മടന്തപ്പച്ച ഭാഗത്ത് കരടിയെ കണ്ടതായി സംശയം. നാട്ടുകാർ ജാഗ്രതയിൽ. നാവായിക്കുളം മടന്തപ്പച്ച ഭാഗത്ത് നാട്ടുകാരിൽ ചിലർ കരടിയെയും കരടിയുടെ കാൽപാടുകളും കണ്ടെന്നാണ് പറയുന്നത്. മടന്തപ്പച്ച സ്വദേശി റൈഹാനത്ത് കഴിഞ്ഞദിവസം രാത്രിയിൽ മകൻ ആസിഫ് ബൈക്കിൽ വീട്ടിലെത്തിയ ശബ്ദം കേട്ട് പുറത്തിറങ്ങുമ്പോൾ കരടിയെ കണ്ടുവെന്നും മകനോട് കരടിയിൽ നിന്ന് രക്ഷപ്പെടാൻ വിളിച്ചുപറഞ്ഞുവെന്നുമാണ് പറയുന്നത്. ഇവരുടെ ബഹളം കേട്ട് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കരടിയെ കണ്ടെത്താനായില്ല. എന്നാൽ കരടിയുടെതെന്ന് തോന്നിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയെന്നും പറയുന്നു. കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വെറും അഭ്യൂഹങ്ങളാണ് ഇതിനുപിന്നിലെന്നും സംശയിക്കുന്നു. എന്നാൽ നാട്ടുകാർ അതീവ ജാഗ്രതയിലാണ്.
