ആറ്റിങ്ങൽ : ആറ്റിങ്ങൽ മൃഗാശുപത്രി ഇനി മുതൽ 24 മണിക്കൂറും പ്രവർത്തിക്കും. ആറ്റിങ്ങലുകാരുടെ ദീർഘകാല ആവശ്യമാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗാശുപത്രി. ഇതിൻ്റെ ഭാഗമായി ആറ്റിങ്ങലിലെ മൃഗാശുപത്രി വെറ്റിനറി പോളിക്ലിനിക്ക് ആയി ഉയർത്തുകയാണ്.ഒക്ടോബർ 16ന് ഉദ്‌ഘാടനം നിർവഹിക്കും. രാത്രിയിൽ മൂന്ന് ഡോക്ടർമാരുടെ സേവനം ലഭിക്കും. കൂടാതെ ലാബ് സൗകര്യവും ഉണ്ടാകുമെന്ന് എംഎൽഎ അഡ്വ ബി സത്യൻ അറിയിച്ചു.
നിരവധി തവണ മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജുവിനെ എംഎൽഎ നിലവിലെ അവസ്ഥ ബോദ്ധ്യപ്പെടുത്തുകയും ഒരു ദിവസം അദ്ദേഹം നേരിട്ട് തന്നെ വന്ന് ആശുപത്രി സൗകര്യങ്ങൾ വിലയിരുത്തിയതിന് ശേഷമാണ് ഇപ്പോൾ സംസ്ഥാനത്ത് 32ആശുപത്രികൾ 24 മണിക്കൂർ ആക്കി മാറ്റുന്ന കൂട്ടത്തിൽ ആറ്റിങ്ങലിലെ ഈ ആശുപത്രിയും ഉൾപ്പെടുത്തിയത്.
1918 ൽ തിരുവിതാംകൂർ രാജാവ് ആണ് വെറ്റിനറി ആശുപത്രി ആരംഭിച്ചത്. 1958 മുതൽ നഗരത്തിൽ പ്രവർത്തനം തുടങ്ങി. 1961 ൽ 45 സെൻ്റ് സ്ഥലം അനുവദിച്ചു കിട്ടി. 1984 ൽ വെറ്റിനറി ആശുപത്രിയായി ഉയർത്തി. ഇന്ന് ജില്ലയിൽ എറ്റവും തിരക്കേറിയ ആശുപത്രികളിൽ ഒന്നാണ് ഇത്.
ആശുപത്രിയിലെ സൗകര്യങ്ങൾ എംഎൽഎ അഡ്വ ബി സത്യൻ വിലയിരുത്തി. അസി: പ്രോജക്ട് ഓഫിസർ ഡോ: പി.എസ് ശ്രീകുമാർ, ഡോ: ഷൈജു, സീനിയർ വെറ്റി: സർജൻ, ഡോ: സൂര്യ എന്നിരും എംഎൽഎയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.