കരകുളം: കിള്ളിയാറിൽ മാലിന്യം തള്ളിയ കേസിൽ അഞ്ച് പ്രതികളെയും വാഹനത്തെയും പോലീസ് പിടികൂടി. വഞ്ചിയൂർ പകൽക്കുറി ലക്ഷ്മിവിലാസത്തിൽ വിഷ്ണു(32), കുറുപുഴ ചുണ്ടകരിക്കകം ഇന്ദിരാലയത്തിൽ സനു(30), കരകുളം പുരവൂർക്കോണം ആശാരിവിളാകത്ത് വീട്ടിൽ അജയകുമാർ(41), കരകുളം ആറാംകല്ല് ചെറുകര വീട്ടിൽ ഷാജി(53), കരകുളം ആറാംകല്ല് കാവിൻപുറത്ത് വീട്ടിൽ ഉദയകുമാർ(52) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റുചെയ്തത്.കഴിഞ്ഞ 25-ന് രാത്രിയിൽ ആറാംകല്ല് പൈപ്പ് ലൈനിനോടു ചേർന്നുള്ള കിള്ളിയാറിൽ കഴക്കൂട്ടം മേനംകുളത്തുള്ള കമ്പനിയുടെ ഖരമാലിന്യം 150-ഓളം വരുന്ന പ്ലാസ്റ്റിക് ചാക്കിൽ നിറച്ച് കമ്പനി വക വാഹനത്തിൽ കൊണ്ടുവന്ന് കിള്ളിയാറിൽ തള്ളുകയായിരുന്നു.
മാലിന്യം കത്തിച്ചുകളയാമെന്നു പറഞ്ഞ് കമ്പനിയിൽനിന്ന് 6000 രൂപ അജയകുമാർ കൈപ്പറ്റിയ ശേഷം സ്ഥലവാസികളായ ഷാജിയുടെയും ഉദയകുമാറിന്റെയും സഹായത്തോടുകൂടിയാണ് കിള്ളിയാറിൽ തള്ളിയത്.വിഷ്ണു കമ്പനി ഡ്രൈവറും സനു വാഹനത്തിന്റെ ക്ലീനറുമാണ്. കമ്പനിയുടെ ഉടമസ്ഥതയിലുള്ള ലോറിയിലാണ് മാലിന്യം കൊണ്ടുവന്നത്. കരകുളം പഞ്ചായത്ത് പ്രസിഡന്റ് നൽകിയ പരാതിയെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികളും വാഹനവും പിടിയിലായത്. നെടുമങ്ങാട് സി.ഐ. വി.രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ സുനിൽ ഗോപി, വേണു, എ.എസ്.ഐ. പ്രകാശ്, സി.പി.ഒ. സുലൈമാൻ എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്